ന്യൂഡൽഹി: നൂഹിൽ വർഗീയ സംഘർഷത്തിന് കാരണമായ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര തുടരുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് ഹിന്ദുത്വ സംഘടനകളുടെ മഹാപഞ്ചായത്തിന് ഹരിയാന പൊലീസ് അനുമതി നൽകി.
രണ്ടാഴ്ച മുമ്പ് നടത്തിയ ഘോഷയാത്രയാണ് നൂഹിൽ സംഘർഷത്തിനും ആറു പേരുടെ കൊലപാതകത്തിനും കാരണമായത്. നൂഹ് ജില്ലയിൽ പൊലീസ് അനുമതി നൽകാത്തതിനാൽ 35 കിലോമീറ്റർ അകലെയുള്ള പൽവാലിലാണ് യോഗം നടക്കുന്നത്. പൽവാൽ-നൂഹ് അതിർത്തി ഗ്രാമമായ പോണ്ട്രിയിലാണ് മഹാപഞ്ചായത്ത് ചേരുന്നത്. കർശന വ്യവസ്ഥകളോടെയാണ് യോഗത്തിന് അനുമതി നൽകിയതെന്ന് പൽവാൽ പൊലീസ് സൂപ്രണ്ട് ലോകേന്ദ്ര സിങ് പറഞ്ഞു.
ആരും വിദ്വേഷ പ്രസംഗം നടത്തരുതെന്നും ആയുധങ്ങൾ കൊണ്ടുവരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പരമാവധി 500 പേർക്കാണ് യോഗത്തിൽ പങ്കെടുക്കാൻ അനുമതി. രണ്ടു മണിക്കുള്ളിൽ യോഗം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. സർവ ഹിന്ദു സമാജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ആഗസ്റ്റ് 28ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ബ്രജ്മണ്ഡൽ ധാർമിക് യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും. നൂഹിലെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെടും. നേരത്തെ ബജ്‌രംഗ്ദളിന്‍റെയും വി.എച്ച്.പിയുടേയും യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
സംഘർഷത്തിനു തൊട്ടുപിന്നാലെ പൊലീസ് അനുമതി നിഷേധിച്ചിട്ടും ഗുരുഗ്രാമിൽ ഹിന്ദു സമാജ് മഹാപഞ്ചായത്ത് യോഗം നടത്തി. യോഗം മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. വിദ്വേഷ പ്രസംഗങ്ങളും അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.