ചണ്ഡിഗഡ്: കോൺഗ്രസിന്റെ എതിർപ്പിനും വാക്കൗട്ടിനുമിടെ, മതപരിവർത്തനവിരുദ്ധ ബിൽ പാസാക്കി ഹരിയാന നിയമസഭ. മാർച്ച് നാലിന് അവതരിപ്പിച്ച ബിൽ ചൊവ്വാഴ്ചയാണ് നിയമസഭയുടെ പരിഗണനക്കെടുത്തത്. ഹിമാചൽപ്രദേശും ഉത്തർപ്രദേശും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും സമീപകാലത്ത് സമാന ബില്ലുകൾ പാസാക്കിയിരുന്നു.
പ്രലോഭിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ മതപരിവർത്തനം നടത്തിയാൽ, ഒന്നുമുതൽ അഞ്ചു വർഷം വരെ തടവും ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്നതാണ് പുതിയ ബിൽ.
ബിൽ അനുസരിച്ച്, പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗത്തിൽപ്പെട്ട വ്യക്തിയെയോ ആരെങ്കിലും മതം മാറ്റുകയോ മതപരിവർത്തനത്തിന് ശ്രമിക്കുകയോ ചെയ്താൽ, നാലു വർഷത്തിൽ കുറയാത്ത തടവ് ലഭിക്കും. ഇത് 10 വർഷംവരെ നീണ്ടേക്കാം. മൂന്നു ലക്ഷത്തിൽ കുറയാത്ത പിഴയും ഈടാക്കും.
നിലവിലുള്ള നിയമങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷ നൽകുന്ന വ്യവസ്ഥയുണ്ടെന്നും പുതിയ നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.