ഗുരുഗ്രാം: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഇന്‍റർനറ്റ്, എസ്.എം,എസ് സേവനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് നീട്ടി സംസ്ഥാന സർക്കാർ. ഈ മാസം അഞ്ച് വരെ വിലക്ക് തുടരുമെന്നാണ് അറിയിപ്പ്. കാലപം ശക്തമായ നൂഹ്, ഫരീദാബാദ്, പൽവാൽ, സോഹ്ന, പട്ടൗഡി, മനേസർ എന്നിവിടങ്ങളിലാണ് വിലക്ക് തുടരുക. സംസ്ഥാനത്ത് ക്രമസമാധാനം കൊണ്ടുവരാനാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ പ്രചരിക്കപ്പെടുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ പ്രത്യേക മൂന്നംഗ സമിതിയെ നിയോഗിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. സംസ്ഥാനത്തെ കലാപം ബി.ജെ.പി-ജെ.ജെ.പി സർക്കാരിന്‍റെ തോൽവിയുടെ ഫലമാണെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഢ പറഞ്ഞു. അതേസമയം സർക്കാരിന് എല്ലാവരെയും സംരക്ഷിക്കാനാകില്ലെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന്‍റെ പ്രതികരണം.
ആറ് പേരാണ് രണ്ട് ദിവസമായി തുടരുന്ന വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടു. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് ഗാർഗി കക്കറാണ് യാത്ര ഫ്ലാഗ്ഓഫ് ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.