ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെയുള്ള ട്രാക്ടർ റാലിയുമായി ഹരിയാനയിലെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ കൈതൽ, പിപ്ലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ രാഹുൽ സംസാരിക്കാനിരിക്കവേയാണ് ഖട്ടറിെൻറ ഭീഷണി.
''രാഹുൽ ഗാന്ധിക്ക് ഒന്നു ചെയ്യാനില്ല. അതുകൊണ്ടുതന്നെ സ്ഥലങ്ങൾ സന്ദർശിക്കാനും ഇതുപോലുള്ള ജോലികൾക്കും നിൽക്കുകയാണ്. രാഹുലിെൻറ സന്ദർശനത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിയമവ്യവസ്ഥയെ ശല്യപ്പെടുത്താൻ ആരെയും അനുവദിക്കില്ല'' -ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചു.
നേരത്തേ രാഹുലിനെ ഹരിയാനയിൽ പ്രവേശിപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അനിൽ വിജ് പ്രതികരിച്ചിരുന്നു. പഞ്ചാബ് സർക്കാർ ആളുകളെക്കൂട്ടി ഹരിയാനയിലെ സമാധാനം നശിപ്പിക്കാൻ നേരത്തെയും ശ്രമിച്ചിരുന്നെന്നും ഇനി അത് അനുവദിക്കില്ലെന്നും വിജ് കൂട്ടിച്ചേർത്തിരുന്നു.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മൂന്ന് കാർഷിക കരി നിയമങ്ങളും റദ്ദാക്കുമെന്ന് പഞ്ചാബിൽ കാർഷിക ബില്ലിനെതിരെയുള്ള മൂന്ന് ദിവസത്തെ ട്രാക്ടർ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്യവേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിന് പഞ്ചാബിൽ കർഷകരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് വലിയ വരവേൽപ്പാണ് ഒരുക്കിയത്.
കഴിഞ്ഞ മാസം പാർലമെൻറിൽ പാസായ കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസ് നിലപാട് ഉയർത്തിക്കാട്ടുകയാണ് കാർഷിക മേഖല സംരക്ഷണ ജാഥയുടെ ലക്ഷ്യം. പഞ്ചാബിലും ഹരിയാനയിലും കാർഷിക ബില്ലിനെതിരെ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്.കോൺഗ്രസ് സ്വന്തം താത്പര്യത്തിന് വേണ്ടി കർഷകരെ മസ്തിഷ്ക പ്രക്ഷാളനം നടത്തുകയായിരുന്നുവന്നാണ് ബി.ജെ.പിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.