തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്ത റേഷൻ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി കാർഡുടമകൾക്ക് ലഭിച്ചോയെന്നറിയാൻ സർവേയുമായി കേന്ദ്രസർക്കാർ. കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയത്തിനുകീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയാണ് (ക്യു.ഐ.സി) തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ റേഷൻകടകൾ കേന്ദ്രീകരിച്ച് സർവേ ആരംഭിച്ചത്.
സർവേക്ക് സഹകരണം തേടി ആഗസ്റ്റ് 21ന് കേന്ദ്രം സംസ്ഥാനത്തിന് കത്തുനൽകിയിരുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ വിവിധ താലൂക്കുകൾ കേന്ദ്രീകരിച്ച് സർവേ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ മണ്ഡലത്തിലെ നെടുമങ്ങാട് താലൂക്കിലായിരുന്നു വിവരശേഖരണം.
കോവിഡ് കാലത്ത് പി.എം.ജി.കെ.എ.വൈ പദ്ധതി അനുസരിച്ചുള്ള റേഷൻ ലഭിച്ചിരുന്നോ? എത്ര കിലോ ധാന്യമാണ് കിട്ടിയത്? ലഭിച്ച ധാന്യത്തിന് ഗുണമേന്മയുണ്ടോ? റേഷൻ കടകളിൽ നിന്ന് ധാന്യം ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടോ? തുടങ്ങിയവയാണ് ചോദ്യങ്ങൾ. 2020 മാർച്ച് മുതലാണ് പി.എം.ജി.കെ.എ.വൈ പദ്ധതി നടപ്പാക്കിയത്. ഏഴുഘട്ടമായി നടപ്പാക്കിയ പദ്ധതി 2022 ഡിസംബർ 23ന് അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.