ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ ആദ്യമായി പ്രതികരിച്ച് ഹാസ്സൻ എം.പി പ്രജ്വൽ രേവണ്ണ. നിലവിൽ ജർമനിയിൽ ഒളിവിൽ കഴിയുന്ന പ്രജ്വൽ, മേയ് 31ന് രാജ്യത്ത് മടങ്ങിയെത്തുമെന്നും പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) മുന്നിൽ കീഴടങ്ങുമെന്നും അറിയിച്ചു. കന്നഡയിൽ പുറത്തുവിട്ട വിഡിയോയിലാണ് ജെ.ഡി.എസ് യുവനേതാവ് ഇക്കാര്യം പറയുന്നത്.
ലൈംഗികാതിക്രമ കേസിനു പിന്നാലെ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇതിനിടെയാണ് വിഡിയോ സന്ദേശം വഴി താൻ മേയ് 31ന് രാജ്യത്ത് മടങ്ങിയെത്തുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ‘രക്ഷിതാക്കളോട് ക്ഷമ ചോദിക്കുന്നു. എന്‍റെ വിദേശ സന്ദർശനം നേരത്തെ തീരുമാനിച്ചതാണ്. യൂടൂബിലൂടെയാണ് ലൈംഗികാത്രിക ആരോപണത്തെ കുറിച്ചും കേസെടുത്തതിനെ കുറിച്ചും അറിയുന്നത്. എസ്.ഐ.ടിയോട് ഹാജരാകാൻ ആറു ദിവസത്തെ സാവകാശം ചോദിച്ചു. തൊട്ടടുത്ത ദിവസം രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഈ വിഷയം ഉയർത്തിക്കാട്ടി പ്രചാരണം കടുപ്പിക്കുന്നത് കണ്ടു. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണതോടെ ഏകാന്ത വാസത്തിലേക്ക് പോയി. രാഷ്ട്രീയമായി വളരുന്നതിനാൽ ഹാസനിൽ ചില ദുഷ്ടശക്തികൾ എനിക്കെതിരെ പ്രവർത്തിച്ചു. രാഷ്ട്രീയത്തിൽനിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തി’ -പ്രജ്വൽ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങും. വിചാരണ നേരിടും. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വൽ വ്യക്തമാക്കി. നേരത്തെ, കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജെ.ഡി.എസ് എം.എൽ.എയും പ്രജ്വലിന്റെ പിതാവുമായ എച്ച്.ഡി. രേവണ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വൽ ജര്‍മനിയിലേക്ക് കടന്നത്. പ്രജ്വലിന്റെ ജാമ്യഹരജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍ എത്തിയാലുടനെ അറസ്റ്റുണ്ടാകും.
പ്രജ്വലിനായി കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രജ്വല്‍ കീഴടങ്ങി നിയമ നടപടിക്ക് വിധേയനാകണം എന്ന് പാർട്ടി അധ്യക്ഷന്‍ എച്ച്.ഡി. കുമാര സ്വാമി ആവശ്യപ്പെട്ടിരുന്നു. പ്രജ്വല്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ മൂവായിരത്തിലധികം വിഡിയോകളാണ് കഴിഞ്ഞമാസം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.