ന്യൂഡൽഹി: വിദ്വേഷ ട്വീറ്റുകൾ നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി നിയമകാര്യ മന്ത്രി കപിൽ മിശ്രക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യാനാവില്ലെന്ന് ഡൽഹി ഹൈകോടതി. കേസിൽ മജിസ്റ്റീരിയൽ കോടതിയുടെ സമൻസിനെതിരായ ഹരജി തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ കപിൽ മിശ്ര നൽകിയ ഹരജിയിൽ ജസ്റ്റിസ് രവീന്ദർ ദുദേജ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.
വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ല. നടപടികൾ നിർത്തിവെക്കാൻ ഒരു കാരണവുമില്ല. കേസിൽ മുന്നോട്ടു പോകാൻ വിചാരണ കോടതിക്ക് സ്വാതന്ത്ര്യമുണ്ട് -ഹരജി പരിഗണിക്കവെ ഹൈകോടതി പറഞ്ഞു. മറുപടി നൽകാൻ പൊലീസിന് നാല് ആഴ്ച സമയം അനുവദിച്ച ഹൈകോടതി, വാദം കേൾക്കൽ മേയ് 19ലേക്ക് മാറ്റി. അതേസമയം, മാർച്ച് 20ന് വിചാരണ കോടതി കേസിൽ വാദം കേൾക്കും.
2020 നിയമസഭ തെരഞ്ഞെടുപ്പിനിടെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ പ്രത്യേക മതവിഭാഗവുമായി ചേർത്ത് വിമർശിച്ച് മിശ്ര ട്വീറ്റ് ചെയ്തത്. തുടർന്ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫിസർ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.