ഭരണാധികാരികളുടെ പൂർവികരെ ബ്രിട്ടീഷ് ഏജന്റുമാർ എന്ന് വിളിക്കുന്നത് വെറുപ്പുളവാക്കുന്നു -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: നിലവിലെ ഭരണാധികാരികളുടെ പൂർവികരെ ബ്രിട്ടീഷ് ഏജന്റുമാർ എന്ന് വിളിക്കുന്നത് വെറുപ്പുളവാക്കുന്ന സംഗതി തന്നെയാണെന്ന് ഡൽഹി ഹൈകോടതി.

സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രീയ സ്വയംസേവക് സംഘും ഹിന്ദു മഹാസഭയും ബ്രിട്ടീഷുകാരുടെ ഏജന്റുമാരായി പ്രവർത്തിച്ചതിനെക്കുറിച്ചുള്ള 2020ലെ ഉമർ ഖാലിദിന്റെ പ്രസംഗം വിദ്വേഷ പ്രസംഗം ആണെന്നുള്ളതിന്റെ വ്യാഖ്യാനത്തിലാണ് കോടതിയുടെ വിശദീകരണം.

ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനിഷ് ഭട്‌നാഗർ എന്നിവരുടെ ബെഞ്ച് ഉമറിന്റെ പ്രസംഗം "നിന്ദ്യവും വെറുപ്പുളവാക്കുന്നതും കുറ്റകരവും പ്രഥമദൃഷ്ട്യാ സ്വീകാര്യവുമല്ല" എന്ന് പറഞ്ഞു.

2020 സെപ്തംബറിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം അറസ്റ്റുചെയ്യപ്പെടുകയും ജയിലിൽ തുടരുകയും ചെയ്യുന്ന വിദ്യാർഥിയായ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിന്റെ ഭാഗമായാണ് ഖാലിദിന്റെ അമരാവതിയിലെ പ്രസംഗത്തിന്റെ ഉള്ളടക്കം വെള്ളിയാഴ്ച കോടതിയിൽ വന്നത്. 2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിന് പിന്നിലെ "വലിയ ഗൂഢാലോചന"യാണ് പ്രസംഗം എന്നാണ് പൊലീസ് പറയുന്നത്.

തന്റെ പ്രസംഗത്തിൽ, ഖാലിദ് മോദി സർക്കാരിനെ വിമർശിക്കുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയും വിദ്വേഷത്തെ സ്നേഹം കൊണ്ട് നേരിടാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ സി.എ.എക്കെതിരായ പ്രതിഷേധത്തിനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

വിചാരണക്കോടതി തനിക്ക് ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് ഖാലിദ് അപ്പീൽ നൽകിയത്. അപ്പീലിൽ നോട്ടീസ് അയച്ച ഹൈക്കോടതി ഏപ്രിൽ 27ന് വാദം കേൾക്കുമെന്ന് അറിയിച്ചു.

Tags:    
News Summary - 'Hateful' to Call Political 'Ancestors' of Present Rulers British 'Agents', Says Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.