ഹാഥ്റസ് ദുരന്തം: ബാബയുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ഭക്തർ തിരക്ക് കൂട്ടിയത് അപകടകാരണം

ലഖ്നോ: യു.പിയിലെ ഹാഥ്റാസിൽ തിക്കിലും തിരക്കിലും ​പെട്ട് 120ലേറെ പേർ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൾദൈവം ഭോലെ ബാബയുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

ഹാഥ്റസിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ പുൽറായ്ക്കടുത്ത് കാൺപൂർ-കൊൽക്കത്ത ഹൈവേക്ക് സമീപത്തുള്ള വയലിലാണ് പരിപാടിക്കായി വേദിയൊരുക്കിയത്. പ്രഭാഷണം കഴിഞ്ഞ് ബാബ മടങ്ങിയതിന് പിന്നാലെ അയാളുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ കൂട്ടമായി പോയി. ഇതിനിടെ വയലിൽ പലരും തെന്നി വീണതോടെയാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം. തെന്നി വീണവരുടെ മുകളിലേക്ക് പിന്നിൽ നിന്നും എത്തിയവരും വീഴുകയായിരുന്നു. ഇത് വലിയ അപകടത്തിന് കാരണമാവുകയും ചെയ്തു.

പരിപാടിയിൽ പ​ങ്കെടുക്കാൻ 60,000 പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾ പരിപാടിക്കായി എത്തിയെന്നാണ് കണക്കാക്കുന്നത്. അപകടമുണ്ടായതിന് ശേഷം ആളുകളെ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് പൊലീസോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

ഇതിനിടെ പ്രഭാഷകന് കടന്നു പോകാനായി ആളുകളെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റിയതായും ആരോപണമുണ്ട്. ഇതും അപകടത്തിനിടയാക്കി. ഹാഥ്റസിൽ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നിരുന്നു. അപകടത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ആൾദൈവം മുങ്ങിയിരിക്കുകയാണ്.

Tags:    
News Summary - Hathras stampede: Haste to take soil from around godman's feet caused commotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.