ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യക്തിപരമായി അഴിമതി ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്തസമ്മേളനം. മോദി വ്യക്തിപരമായി അഴിമതി നടത്തിയതിനെക്കുറിച്ച് തന്‍െറ പക്കല്‍ വിവരമുണ്ടെന്നും അതറിയാവുന്ന ഭരണപക്ഷം ലോക്സഭയില്‍ തന്നെ വായ തുറക്കാന്‍ സമ്മതിക്കാതെ സഭ സ്തംഭിപ്പിക്കുകയാണെന്നും പാര്‍ലമെന്‍റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ആര്‍.എസ്.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ അസാധാരണമായ ആരോപണം ഉന്നയിച്ചത്. വിശദാംശങ്ങള്‍ ലോക്സഭയില്‍ പറയാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭയില്‍ വായ തുറക്കാന്‍ തന്നെ അനുവദിക്കുന്നതിനെ പ്രധാനമന്ത്രി ഭയപ്പെടുന്നു. അഴിമതിയെക്കുറിച്ച വിവരം പുറത്തുവിടുമ്പോള്‍ അദ്ദേഹം ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടും. അതുകൊണ്ട് സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല.
ലോക്സഭയില്‍ വിവരം വെളിപ്പെടുത്തണമെന്നും നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. നിരുപാധികം ചര്‍ച്ചക്ക് പ്രതിപക്ഷം തയാറാണെങ്കിലും സര്‍ക്കാര്‍ സമ്മതിക്കുന്നില്ല -രാഹുല്‍ പറഞ്ഞു. മറ്റു കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാല്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ, സി.പി.എമ്മിലെ പി. കരുണാകരന്‍, എന്‍.സി.പിയിലെ താരിഖ് അന്‍വര്‍, ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു വാര്‍ത്തസമ്മേളനം. ദശലക്ഷങ്ങളുടെ ജീവിതം തകര്‍ക്കുന്നതിന് പ്രധാനമന്ത്രി ഉത്തരം പറയണം. നോട്ട് അസാധുവാക്കല്‍ അദ്ദേഹത്തിന്‍െറ വ്യക്തിപരമായ തീരുമാനമാണ്. അതിനു ശേഷം ഓടിയൊളിക്കാന്‍ പറ്റില്ല. കലാപരിപാടികളും യോഗങ്ങളുമായി നടന്നാല്‍ പോരാ. ഇത് ജനാധിപത്യമാണ്. രാജ്യത്തോട് വിശദീകരിക്കാന്‍ മോദിക്ക് ബാധ്യതയുണ്ട്.
അതിനുപകരം ഭരണപക്ഷം സഭ സ്തംഭിപ്പിക്കുന്നു. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചാല്‍ ആരാണ് സത്യം പറയുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടും -രാഹുല്‍ പറഞ്ഞു.സഭ നടത്താന്‍ സമ്മതിക്കാതെ സര്‍ക്കാര്‍ അഹങ്കാരം കാട്ടുകയാണെന്നും പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും തൃണമൂലിലെ സുദീപ് ബന്ദോപാധ്യായ കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രതിപക്ഷം ഒന്നിച്ചുനിന്ന് ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ സമ്മതിക്കാതിരിക്കുന്നതും, പ്രധാനമന്ത്രി ഓടിയൊളിക്കുന്നതും അന്യായമാണെന്ന് സി.പി.എമ്മിലെ പി. കരുണാകരന്‍ പറഞ്ഞു. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍.സി.പിയിലെ താരിഖ് അന്‍വര്‍ ആരോപിച്ചു.
.
#WATCH Rahul Gandhi says he has info of personal corruption of PM Modi, about which he is not being allowed to speak in Lok Sabha pic.twitter.com/5h7NDjOmJk
— ANI (@ANI_news) December 14, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.