കൊൽക്കത്ത: ദുർഗ പൂജക്കായി 28 കോടി രൂപ നൽകുന്നതിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഹൈകോടതി വിലക്കി. പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി ഉത്തരവ്. ദുർഗ പൂജ നടത്തുന്ന വിവിധ കമ്മിറ്റികൾക്കായി 28 കോടി നൽകാനായിരുന്നു മമതയുടെ പദ്ധതി.
കൊൽക്കത്തയിലെ 3,000 പൂജ കമ്മറ്റികൾക്ക് 10,000 രൂപ വീതം നൽകാൻ മമത ബാനർജി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ 25,000 കമ്മിറ്റികൾക്കും തുക അനുവദിച്ചിട്ടുണ്ട്. ഇതിനെതിരെ അഭിഭാഷകൻ സൗരഭ് ദത്തയാണ് ഹൈകോടതിയെ സമീപിച്ചത്.ആക്ടിങ് ചീഫ് ജസ്റ്റിസ് ദേബാശിഷ് കൗർ ഗുപ്ത, ജസ്റ്റിസ് ശംഭ സർക്കാർ എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദുർഗ പൂജക്കായി അനുവദിച്ച പണം ചെലവഴിക്കുന്നതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് ഹൈകോടതി ചോദിച്ചു.
ദുർഗ പൂജക്ക് മാത്രമാണോ അതോ മറ്റ് ആഘോഷങ്ങൾക്കും ഇത്തരത്തിൽ പണം അനുവദിക്കുമോയെന്നും ഹൈകോടതി ആരാഞ്ഞു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും ബംഗാൾ സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ദുർഗ പൂജക്ക് പണം അനുവദിച്ചതിന് പിന്നാലെ തങ്ങളുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യവുമായി ബംഗാളിലെ മുസ്ലിം പള്ളികളിലെ ഇമാമുമാർ രംഗത്തെത്തിയിരുന്നു. ഹൈകോടതിയുടെ ഉത്തരവിനെ ബി.ജെ.പി സ്വാഗതം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.