19 വർഷം മോദി പോരാടി, വേദനകളെ ധീരതയോടെ നേരിട്ടു; ഗുജറാത്ത് കലാപകേസിലെ വിധിക്ക് പിന്നാലെ അമിത് ഷാ

ന്യൂഡൽഹി: 2002ലെ ഗുജറാത്ത്​ വംശഹത്യയുമായി ബന്ധപ്പെട്ട്​ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾ, ആദർശപരമായി ബി.​ജെ.പിയോട്​ വിരോധമുള്ള മാധ്യമപ്രവർത്തകർ, ഏതാനും എൻ.ജി.ഒകൾ എന്നിവർ ചേർന്ന്​ കള്ളം സത്യമായി തോന്നുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നും അവ കളവാണെന്ന്​ കോടതി വിധിച്ചിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. തെഹൽകയുടെ ടേപ്പുകളും കളവാ​ണെന്ന്​ സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തിൽ ആരോപണമുന്നയിച്ചവർ മോദിയോടും ബി.ജെ.പിയോടും മാപ്പു പറയണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

മോദിക്ക്​ ക്ലീൻ ചിറ്റ്​ നൽകി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന്​ ​ശേഷം വാർത്തഏജൻസി 'എ.എൻ.ഐ'ക്ക്​ നൽകിയ അഭിമുഖത്തിലാണ്​ അമിത്​ഷായുടെ പ്രതികരണം. ഉന്നത ഗൂഢാലോചനയിൽ നരേന്ദ്ര മോദിക്കും 63 ഉന്നതർക്കുമുള്ള പങ്ക്​ അന്വേഷിക്കണം എന്ന്​ ആവശ്യപ്പെട്ട്​ വംശഹത്യക്കിടെ ഗുൽബർഗ്​ സൊസൈറ്റിയിൽ 69 പേർക്കൊപ്പം കൊല്ല​പ്പെട്ട കോൺഗ്രസ്​ നേതാവ്​​ ഇഹ്​സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരി സമർപ്പിച്ച ഹരജി വെള്ളിയാഴ്ചയാണ്​ സുപ്രീംകോടതി തള്ളിയത്​.

തനിക്കെതിരായ വ്യാജ ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 വർഷം നിശബ്​ദനായി സഹിക്കുകയായിരുന്നുവെന്ന്​ അമിത്​ ഷാ പറഞ്ഞു. സുപ്രീംകോടതി മോദിക്ക്​ മേൽ ആരോപിച്ച എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞിരിക്കുകയാണ്​. ചിലയാളുകൾ കുറ്റാരോപണങ്ങ​ൾ രാഷ്ട്രീയമായുണ്ടാക്കിയതായിരുന്നുവെന്നും സ്ഥാപിത താൽപര്യക്കാരായിരുന്നു അതെന്നും കോടതി തന്നെ പറഞ്ഞിരിക്കുന്നു. കലാപത്തിൽ ഗുജറാത്ത്​ സർക്കാറിനും മോദിക്ക്​ കൈയുണ്ട്​ എന്നാണ്​ ആരോപിച്ചത്​. ഒരു വാക്ക്​ പോലുമുച്ചരിക്കാതെ എല്ലാ ദുഃഖങ്ങളെയും ഭഗവാൻ വിഷ്ണുവിനെ പോലെ സഹിച്ചു പോരാടി.

ഒടുവിൽ സത്യം സ്വർണം പോലെ തിളങ്ങി പുറത്തുവന്നുവെന്നും അതിൽ ആനന്ദമുണ്ടെന്നും അമിത്​ ഷാ പറഞ്ഞു. മോദിയുടെ ​വേദന വളരെ അടുത്ത്​ നിന്ന്​ താൻ കണ്ടിട്ടുണ്ട്​. ഒരു വാക്ക്​ പോലും പറയാതിരിക്കാൻ മനശക്​തിയുള്ള ഒരാൾക്കേ കഴിയൂ. കലാപം നേരിടുന്നതിൽ ഗുജറാത്ത്​ സർക്കാറിന്‍റെ ഭാഗത്ത്​ നിന്ന്​ കാലതാമസമുണ്ടായിട്ടില്ല. ഗുജറാത്ത് ബന്ദ്​ പ്രഖ്യാപിച്ചപ്പോൾ സേനയെ വിളിച്ചു. ​സേനക്ക്​ എത്താൻ സമയം ​വേണ്ടി വരും. ഗുജറാത്ത്​ സർക്കാർ ഒരു ദിവസം പോലും കാലതാമസം വരുത്തിയിട്ടില്ലെന്നും ഇക്കാര്യത്തിൽ കോടതി പോലും അഭിനന്ദിച്ചതാണെന്നും അമിത്​ ഷാ അവകാശ​പ്പെട്ടു.

മോദി ചോദ്യം ചെയ്യപ്പെട്ടിട്ടും താൻ അറസ്റ്റ്​ ചെയ്യപ്പെട്ടിട്ടും രാജ്യമൊക്കുക്കും ഐക്യദാർഢ്യവുമായി ആരും പ്രതിഷേധിച്ചില്ലെന്നും നിയമവുമായി തങ്ങൾ സഹകരിച്ചുവെന്നും കോൺഗ്രസിനെതിരെ അമിത്​ ഷാ ഒളിയമ്പെയ്തു. ജനാധിപത്യതിൽ ഭരണഘടനയെ മാനിക്കുന്നതിൽ മോദിയുടെ ഒന്നാന്തരം ഉദാഹരണമാണെന്നും എല്ലാ രാഷ്ട്രീയക്കാരും ഇത്​ മാനിക്കണമെന്നും അമിത്​ ഷാ പറഞ്ഞു.

Tags:    
News Summary - 'He fought for 19 years, braved pain': Shah defends Modi after Guj riots verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.