ന്യൂഡൽഹി: ആൾദൈവം ഗുർമീത് റാം റഹീമിെൻറ അനുയായികൾ നടത്തിയ കലാപത്തിന് ഹരിയാന സർക്കാറിനോടും കേന്ദ്ര സർക്കാറിനോടും രോഷം പ്രകടിപ്പിച്ച പഞ്ചാബ് ഹരിയാന ഹൈകോടതി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നും ബി.ജെ.പിയുടേതല്ലെന്നും ഒാർമിപ്പിച്ചു. കേന്ദ്ര സർക്കാറിനെ ഹൈകോടതിയിൽ പ്രതിനിധീകരിച്ച അഡീഷനൽ സോളിസിറ്റർ ജനറൽ സത്യപാൽ ജെയിൻ വെള്ളിയാഴ്ചത്തെ അക്രമം സംസ്ഥാന വിഷയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞതാണ് ഹൈകോടതിയെ രോഷം കൊള്ളിച്ചത്. ഇതുകേട്ട കോടതി ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ എന്ന് അഭിഭാഷകനോട് ചോദിച്ചു. എന്തുകൊണ്ടാണ് ഹരിയാനയോടും പഞ്ചാബിനോടും രണ്ടാംവിവാഹത്തിലെ മക്കളോടെന്നപോലെ പെരുമാറുന്നതെന്നും ഹൈകോടതി ചോദിച്ചു.
ഹരിയാന സർക്കാറിനെ അതിരൂക്ഷമായി വിമർശിച്ചതിന് പിറകെയായിരുന്നു ഇൗ രോഷപ്രകടനം. രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് പഞ്ച്കുള പോലൊരു പട്ടണത്തെ കത്തിക്കാൻ അനുവദിക്കുകയായിരുന്നു സർക്കാറെന്ന് കോടതി കുറ്റപ്പെടുത്തി. ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് ശിക്ഷ വിധിക്കാൻ പഞ്ച്കുളയിലെ സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങിനെയും രണ്ട് ജീവനക്കാരെയും രോഹ്തക് ജില്ല ജയിലിലേക്ക് കൊണ്ടുപോകാൻ ഉത്തരവിട്ടു. ജയിലിനകത്ത് ജഡ്ജി ഇരിക്കുന്ന സ്ഥലം പ്രത്യേക സി.ബി.െഎ കോടതിയായി വിജ്ഞാപനം ചെയ്യും.തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുക.
ഗുർമീതിെൻറ എല്ലാ കേന്ദ്രങ്ങളിലും റെയ്ഡിന് ഉത്തരവിട്ട സർക്കാർ, പഞ്ച്കുള ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഡി.സി.പി) അശോക് കുമാറിനെ സസ്പെൻഡ് ചെയ്തു. ഗുർമീതിെൻറ ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. നശിപ്പിച്ച സ്വത്തിെൻറ നഷ്ടം ഗുർമീതിൽ നിന്ന് ഇൗടാക്കും. സിർസയിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. ഗുർമീതിെൻറ അനുയായികളുടെ അഴിഞ്ഞാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.