മുംബൈ: കുർള ലോകമാന്യതിലക് ടെർമിനസിൽ നിന്നും കേരളം ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാരിൽ നിന്ന് കരാർ കമ്പനിയായ ജാ കൺസ്ട്രക്ഷൻ പാർക്കിങ് ചാർജിന്‍റെ പേരിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര റെയിൽവേ ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകി.
ടാക്‌സികളിലും ഓട്ടോകളിലും റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ 50 രൂപ നൽകിയില്ലെങ്കിൽ ലഗേജുകളുമായി പ്രധാന കവാടത്തിനു പുറത്ത് ഇറങ്ങേണ്ടിവരുന്നു. കരാറുകാരുടെ നടപടി നിയമവിരുദ്ധവും മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, വികലാംഗർ അടക്കമുള്ള യാത്രക്കാർക്ക് പ്രയാസവുമാകുന്നു.
ടാക്സി യാത്രക്കാരിൽ നിന്ന് ചാർജ് ഈടാക്കരുത്. കവാടത്തിൽ യാത്രക്കാരെ നിർബന്ധിച്ച് ഇറക്കരുത്. മുഖ്യ കവാടത്തിൽ നിന്ന് സ്റ്റേഷന് അടുത്തെത്താൻ തന്നെ അഞ്ച് മിനിറ്റോളമെടുക്കുമെന്നിരിക്കെ അകത്ത് പ്രവേശിക്കുന്ന വാഹനങ്ങളുടെ സൗജന്യ പാർക്കിങ് സമയം അഞ്ച് മിനിറ്റിൽ നിന്ന് 15 മിനിറ്റായി വർധിപ്പിക്കണം. 30 മിനിറ്റിന് 1000 രൂപ പാർക്കിങ് ചാർജ് എന്നത് അംഗീകരിക്കാനാകില്ല. കരാർ ഭേദഗതി ചെയ്ത് ക്രമീകരണങ്ങൾ നടത്തുന്നതുവരെ പാർക്കിങ് ചാർജ് വാങ്ങുന്നത് നിർത്തണം എന്നീ ആവശ്യങ്ങളാണ് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി ഉന്നയിച്ചത്.
പ്രസിഡൻറ് അസീസ് മാണിയൂർ, വൈസ് പ്രസിഡൻറുമാരായ എം.എ. ഖാലിദ്, മഷ്ഹൂദ് മാണിക്കോത്ത്, സെക്രട്ടറിമാരായ അൻസാർ സി.എം, ഹംസ ഘാട്ട്കോപ്പർ, മുസ്തഫ കുമ്പോൾ, വർക്കിങ് കമ്മിറ്റി അംഗം ഷംനാസ് പോക്കർ എന്നിവരാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.