ന്യൂഡൽഹി: 18ാം വിവാഹ വാർഷിക ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന. ഈ പ്രത്യേക ദിനത്തിൽ ഭർത്താവ് കുടുംബത്തിനൊപ്പമില്ലെന്നും എത്രയും പെട്ടെന്ന് അദ്ദേഹം എല്ലാ ഗൂഢാലോചനകളും തകർത്ത് വീട്ടിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കൽപന കുറിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജയിലിൽ കഴിയുകയാണ് ഹേമന്ത് സോറൻ.
''ഇന്ന് ഞങ്ങളുടെ 18ാം വിവാഹ വാർഷികദിനമാണ്. ഈ സവിശേഷ ദിനത്തിൽ അദ്ദേഹം എനിക്കും കുട്ടികൾക്കുമൊപ്പമില്ല. ഝാർഖണ്ഡിലെ പോരാളിയുടെ ജീവിത പങ്കാളിയായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ദിവസം ഞാൻ വികാരഭരിതയല്ല. ഹേമന്ത്ജിയെ പോലെ എല്ലാ വിഷമങ്ങളും ചിരിച്ചുകൊണ്ടു തന്നെ നേരിടും. ഹേമന്ത് സോറൻ ഒരിക്കലും തലകുനിക്കില്ല, കാരണം ഝാർഖണ്ഡിന്റെ ഐഡന്റിറ്റി സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. ഈ ഗൂഢാലോചനക്കെതിരെ അദ്ദേഹം ഉറച്ചുനിന്ന് പോരാടും.''-ഹേമന്ത് സോറന്റെ എക്സ് പ്ലാറ്റ്ഫാമിൽ കൽപന കുറിച്ചു. വീട്ടിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് കൽപനയുടെ വാക്കുകൾ.
ഹേമന്ത് സോറന്റെ അറസ്റ്റിനു ശേഷം ചംപയ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. സോറന്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആദ്യം തീരുമാനം. എന്നാൽ അതിനെതിരെ ഝാർഖണ്ഡ് മുക്തി മോർച്ചയിൽ തന്നെ എതിർപ്പുകൾ വന്നു. സോറന്റെ കുടുംബവും ആ തീരുമാനം എതിർത്തു. എം.എൽ.എയും ഹേമന്ത് സോറന്റെ സഹോദ ഭാര്യയുമായ സീത സോറൻ ആണ് രാഷ്ട്രീയ പരിചയമില്ലാത്ത കൽപനയെ മുഖ്യമന്ത്രിയാക്കുന്നതിൽ എതിർപ്പുമായി ആദ്യം രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.