ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ ഹേമന്ത് സോറന്‍റെ നീക്കം; എം.എൽ.എമാരുടെ പിന്തുണക്കത്ത് വാങ്ങി

ന്യൂഡൽഹി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പുതിയ നീക്കവുമായി ഝാർഖണ്ഡ് മുക്തിമോർച്ച (ജെ.എം.എം.) നേതാവും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) അറസ്റ്റ് നടന്നാൽ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനാണ് ഹേമന്ത് സോറന്‍റെ തീരുമാനം.

ഇതിന് മുന്നോടിയായി കൽപനയെ പിന്തുണക്കുന്ന കത്ത് പാർട്ടി എം.എൽ.എമാരിൽ നിന്ന് ഹേമന്ത് സോറൻ വാങ്ങി. ഇന്നലെ നടന്ന ഝാർഖണ്ഡ് മുക്തിമോർച്ച എം.എൽ.എമാരുടെ യോഗത്തിൽ കൽപന സോറൻ പങ്കെടുത്തിരുന്നു. എം.എൽ.എമാരോട് തലസ്ഥാനം വിടരുതെന്ന് സോറൻ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, രാജിക്കത്ത് തയാറാക്കിയെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ, കൽപന സോറനെ മുഖ്യമന്ത്രിയാക്കുന്നതിൽ ഹേമന്ത് സോറന്‍റെ സഹോദരന് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. ഈ അവസരം മുതലാക്കി ജെ.എം.എം. എം.എൽ.എമാരെ മറുകണ്ട് ചാടിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി നടത്തുന്നുണ്ട്. കൽപന മുഖ്യമന്ത്രിയായാൽ ആറു മാസത്തിനിടെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതുണ്ട്. ഈ വർഷം നവംബറിലാണ് ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. ഡൽഹിയിലെ സോറന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 36 ലക്ഷവും ബി.എം.ഡബ്ല്യു കാറും നിർണായക രേഖകളും ഇന്നലെ ഇ.ഡി പിടിച്ചെടുത്തിരുന്നു.

അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡി ആരോപണം. കേസിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.  

Tags:    
News Summary - Hemant Soren's Wife Kalpana May Be Named Chief Minister If He's Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.