മുംബൈ: കള്ളപ്പണം വെളിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം 13,860 കോടി രൂപയുടെ സമ്പാദ്യം വെളിപ്പെടുത്തിയ ഗുജറാത്തിലെ മഹേഷ് ഷാക്കു പിന്നില്‍ ദുരൂഹത.
സെപ്തംബര്‍ 30 നാണ് 67 കാരനായ മഹേഷ് ഷാ പശ്ചിമ മേഖലാ മുഖ്യ ആദായ നികുതി കമീഷണര്‍ക്ക് മുമ്പാകെ കള്ളപ്പണം വെളിപ്പെടുത്തിയത്. ഇതു പ്രകാരം സര്‍ക്കാരിന് നികുതിയുടെ ആദ്യ ഗഡുവായി നല്‍കേണ്ട 1,560 കോടി രൂപ അദ്ദേഹത്തിന് അടക്കാനായില്ല. ഇപ്പോള്‍ അദ്ദേഹം ഒളിവിലാണ്.
വെളിപ്പെടുത്തിയ തുക അദ്ദേഹത്തിന്‍െറ പക്കലില്ലെന്നാണ് കള്ളപ്പണം വെളിപ്പെടുത്താന്‍ അദ്ദേഹത്തിനൊപ്പം ആദായ നികുതി വകുപ്പിനെ സമീപിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് തെഹ്മുല്‍ സേത്ന സംശയം പ്രകടിപ്പിച്ചത്. മറ്റാര്‍ക്കോ വേണ്ടിയാണ് മഹേഷ് ഷായുടെ വെളിപ്പെടുത്തലെന്നും പിന്നില്‍ ഗുജറാത്തിലെ ആള്‍ദൈവമാണെന്നും സംശയിക്കുന്നതായി ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
പണസ്രോതസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്‍ഫോള്‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ആദായ നികുതി വകുപ്പ് വിവരം നല്‍കി. പാല്‍ക്കാരന് 8,000 രൂപയും പച്ചക്കറിക്കടക്കാരന് 6000 രൂപയോളവും മഹേഷ് ഷാ കടക്കാരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓട്ടോയിലാണ് ഷായുടെ സാധാരണ യാത്രകള്‍. ചില്ലറയുടെ പേരില്‍ ഓട്ടോ ഡ്രൈവര്‍മാരുമായി വഴക്കിടുന്നതും പതിവത്രെ.
അഹമദാബാദ്, ജോധ്പുര്‍ ചാര്‍ രാസ്തക്കടുത്തുള്ള മംഗള്‍ ജ്യോത് അപ്പാര്‍ട്ട്മെന്‍റിലെ മൂന്ന് മുറി ഫ്ളാറ്റിലാണ് അദ്ദേഹത്തിന്‍െറ താമസം. കാണാതായ പിതാവിനെ കുറിച്ച് വിവരമില്ലെന്ന് മഹേഷ് ഷായുടെ മകന്‍ മൊഹ്നിതേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലായിരുന്ന താന്‍ അമ്മയുടെ അസുഖത്തെ തുടര്‍ന്ന് അഹമദാബാദിലേക്ക് തിരിച്ചത്തെിയതാണെന്നും തൊഴിലില്ലാത്ത അവസ്ഥയാണെന്നും മൊഹിനിതേഷ് പറയുന്നു.
രഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരുമായി ഷാക്ക് അടുപ്പമുണ്ടെന്നാണ് വിവരം. അഹമദാബാദിലെ ആള്‍ദൈവം വഴിയാണ് ഈ ബന്ധമെന്നും പറയുന്നു. ഇവരുടെ കള്ളപ്പണമാണ് ഷായിലൂടെ വെളുപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.