ബലാത്സംഗത്തിനിരയായ കുട്ടിയെ തിരിച്ചറിയാനിടയാക്കിയെന്ന്; രാഹുലിനെതിരെ കേസെടുക്കണമെന്ന ആവശ്യത്തിൽ ഡൽഹി പൊലീസിന്‍റെ നിലപാട് തേടി കോടതി

ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയെ സമൂഹമാധ്യമ പോസ്റ്റിലൂടെ തിരിച്ചറിയാനിടയാക്കിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തിൽ ഡൽഹി പൊലീസിന്‍റെ നിലപാട് തേടി ഡൽഹി ഹൈകോടതി. 10 ദിവസത്തിനകം മറുപടി നൽകാൻ പൊലീസിനോടാവശ്യപ്പെട്ട കോടതി, കേസ് ഡിസംബർ 21ന് പരിഗണിക്കാനായി മാറ്റി.

ഡൽഹി കന്‍റോൺമെന്‍റ് ഏരിയയിൽ 2021 ഓഗസ്റ്റിൽ ഒമ്പതുവയസുള്ള ദലിത് പെൺകുട്ടിയെ ക്ഷേത്ര പൂജാരി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം പൂജാരിയും സഹായികളും ചേർന്ന് മറവുചെയ്യുകയും ചെയ്തു. ക്രൂരമായ കൊലപാതകം ഏറെ വിവാദമായിരുന്നു. തുടർന്ന്, രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തിന് ആശ്വാസവുമായി ഇവരുടെ വീട്ടിലെത്തി. കുട്ടിയുടെ രക്ഷിതാക്കളെ സമാശ്വസിപ്പിക്കുന്ന ഫോട്ടോ രാഹുൽ ട്വിറ്ററിൽ (എക്സ്) പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെതിരെയാണ് മകരന്ദ് സുരേഷ് എന്നയാൾ പൊലീസിൽ പരാതി നൽകിയത്. രക്ഷിതാക്കളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിലൂടെ കൊല്ലപ്പെട്ട പെൺകുട്ടിയെ രാഹുൽ വെളിപ്പെടുത്തിയിരിക്കുകയാണെന്നും ഇത് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കേസെടുക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ദേശീയ ബാലാവകാശ കമീഷൻ കോടതിയിൽ പറഞ്ഞു. രാഹുലിന്‍റെ ട്വീറ്റ് വിവാദമായതോടെ ട്വിറ്റർ അത് ഇന്ത്യയിൽ കാണുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ത്യക്ക് പുറത്ത് ട്വീറ്റ് ഇപ്പോഴും കാണാമെന്ന് ബാലാവകാശ കമീഷൻ പറഞ്ഞു. 

Tags:    
News Summary - High Court Seeks Delhi Police’s Response On Plea Against Rahul Gandhi For Disclosing Identity Of Minor Rape Victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.