ചെന്നൈ: ഗജ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച സാഹചര്യത്തിൽ മദ്രാസ് ൈഹകോടതിയുടെ അഭ്യർഥന മാനിച്ച് തമിഴ്നാട്ടിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഡിസംബർ പത്തിലേക്ക് മാറ്റി. ഏഴിന ആവശ്യങ്ങളുന്നയിച്ച് സർവിസ് സംഘടനകളുടെ കൂട്ടായ്മയായ ‘ജാക്ടോ ജിയോ’യുടെ ആഭിമുഖ്യത്തിൽ ഡിസംബർ നാലു മുതലാണ് പണിമുടക്ക് സമരം നടത്താനിരുന്നത്.
ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പണിമുടക്ക് മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അഭ്യർഥിച്ചിരുന്നുവെങ്കിലും സംഘടനകൾ സമരത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് പണിമുടക്ക് നടത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലോകനാഥൻ എന്നയാൾ ഹൈകോടതി മധുര ബെഞ്ചിൽ ഹരജി സമർപ്പിച്ചത്.
തിങ്കളാഴ്ച ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ശശിധരൻ, സ്വാമിനാഥൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പണിമുടക്ക് ഡിസംബർ പത്തുവരെ മാറ്റിവെച്ചുകൂടെയെന്ന് ചോദിച്ചു. ഇത് മാനിച്ച് ജാക്ടോ ജിയോ സമരം മാറ്റിവെക്കാൻ തയാറാണെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.