ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഇരട്ടവിധിയിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സുപ്രീംകോടതി ജഡ്ജിയുടെ വിധി ഹിജാബിന് അനുകൂലമാണെന്ന് ഉവൈസി പ്രതികരിച്ചു.
ഹിജാബ് വിഷയത്തിലെ കർണാടക ഹൈകോടതി പുറപ്പെടുവിച്ച വിധി നിയമത്തിന്‍റെ മുമ്പിൽ തെറ്റായിരുന്നു. ആ വിധിയിൽ ഖുർആൻ വചനങ്ങളും തർജമകളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് തെരഞ്ഞെടുപ്പിന്‍റെ കാര്യമാണെന്നാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുധാൻശു ധൂലിയ പറഞ്ഞത്. ഹിജാബിന് അനുകൂലമായാണ് ഈ തീരുമാനമെന്ന് കരുതുന്നു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഹിജാബ് ഒരു വിഷയമാക്കി മാറ്റിയെന്നും ഉവൈസി കുറ്റപ്പെടുത്തി.
ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഇരട്ടവിധിയാണ് ഇന്ന് പുറപ്പെടുവിച്ചത്. പത്തു ദിവസം വാദംകേട്ട ശേഷമാണ് ജസ്റ്റിസുമാരായ സുധാൻശു ധൂലിയ, ഹേമന്ദ് ഗുപ്ത എന്നിവരാണ് ഭിന്ന വിധികൾ പുറപ്പെടുവിച്ചത്. ഹരജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് രണ്ടംഗ ബെഞ്ച് വിട്ടു.
ഹിജാബ് വിലക്ക് ശരിവെച്ചുള്ള കർണാടക ഹൈകോടതിയുടെ വിധി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ശരിവെച്ചപ്പോൾ ജസ്റ്റിസ് സുധാൻശു ധൂലിയ കീഴ്കോടതി വിധി റദ്ദാക്കി. തുടർന്നാണ് കേസ് വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.
കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈകോടതി വിധി ചോദ്യം ചെയ്യുന്ന ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.