ന്യൂഡൽഹി: ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ആചാരമല്ലാത്തതിനാൽ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിൽ മാറ്റം വരുത്തില്ലെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ ഒരു സംഘം സമർപ്പിച്ച ഹരജിയിൽ വാദം കോൾക്കുകയായിരുന്നു സുപ്രീംകോടതി.
ഹിജാബ് ധരിക്കാത്തത് മതത്തിന്റെ നിറം മാറ്റില്ല എന്നതാണ് വസ്തുത. ഹിജാബ് ധരിച്ചില്ലെങ്കിൽ ഇസ്ലാം മത വിശ്വാസം മാറുമെന്ന് പറയാനാവില്ല. ഇത് ആചാരവുമായി ബന്ധപ്പെട്ടതല്ലെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ പി. നവദ്ഗി സുപ്രീംകോടതിയിൽ വാദിച്ചു.
2022 ഫെബ്രുവരിയിലെ വിദ്യാഭ്യാസ നിയമവും സർക്കാർ ഉത്തരവും ഹിജാബ് നിരോധിക്കുന്നില്ലെന്നും യൂനിഫോം നിർബന്ധമാക്കാൻ കോളജ് അഡ്മിനിസ്ട്രേഷനെ അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എ.ജി പറഞ്ഞു.
ആരെങ്കിലും തല മറക്കുകയാണെങ്കിൽ അവർ എങ്ങനെയാണ് പൊതുക്രമവും ഐക്യവും ലംഘിക്കുന്നതെന്ന് വാദത്തിന് മറുപടിയായി ബെഞ്ച് ചോദിച്ചു. യൂനിഫോം സംബന്ധിച്ച നിർദേശങ്ങൾ ശരിയാണെന്ന് കർണാടക സർക്കാരിന്‍റെ വാദങ്ങളെ പിന്തുണച്ച് അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. "ഇത് ജനങ്ങളും സർക്കാരും തമ്മിലുള്ള കേസല്ല. അഡ്മിനിസ്‌ട്രേഷനും വിദ്യാർഥികളും തമ്മിലുള്ള കേസാണിത്"- നവദ്ഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.