ന്യൂഡല്‍ഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് ശരിവെച്ച ഹൈകോടതി വിധി ചോദ്യംചെയ്തുള്ള ഹരജികളിൽ തുടർച്ചയായി 10 ദിവസം വാദം കേട്ട സുപ്രീംകോടതി, വിധി പറയാനായി മാറ്റിവെച്ചു. ആദ്യം ഹരജിക്കാരുടെയും തുടർന്ന് എതിർ കക്ഷിയായ കർണാടക സർക്കാറിന്‍റെയും വാദം കേട്ട ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് അവസാന ദിവസം ഹരജിക്കാർക്ക് മറുപടി നൽകാൻ അവസരം നൽകി.
ശിരോവസ്ത്രം നിരോധിച്ചതിൽ പോപുലർ ഫ്രണ്ടിനെ ബന്ധപ്പെടുത്തി കർണാടകക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചതിൽ ഹരജിക്കാർക്കുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെയും ഹുസേഫ അഹ്മദിയും രൂക്ഷമായ വിമർശനം ഉന്നയിച്ചു. മുസ്ലിം വിദ്യാർഥിനികൾ 2021വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിച്ചിരുന്നില്ല എന്നും പോപുലർ ഫ്രണ്ട് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധം തുടങ്ങിയതെന്നുമാണ് തുഷാർ മേത്ത ആരോപിച്ചത്. പോപുലര്‍ ഫ്രണ്ട് ബന്ധം ആരോപിക്കുന്നത് വിഷയത്തില്‍ മുന്‍വിധി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അഭിഭാഷകര്‍ കുറ്റപ്പെടുത്തി.
ശിരോവസ്ത്രം നിരോധിച്ചുള്ള സർക്കുലറിൽ പരാമർശിക്കാത്ത പോപുലർ ഫ്രണ്ടിനെ കുറിച്ച് സോളിസിറ്റർ ജനറൽ പരാമർശിച്ചതോടെ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയും തലക്കെട്ടുകളും വിഷയത്തില്‍നിന്നകന്ന് അതായി മാറിയെന്ന് ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സർക്കുലറിലും ഹൈകോടതിയിലും പരാമർശിക്കാത്ത വിഷയം ഇപ്പോ എങ്ങനെ വന്നുവെന്ന് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദിയും ചോദിച്ചു.
മുസ്ലിം വിദ്യാര്‍ഥിനികളുടെ മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാര്യകാരണ സഹിതമുള്ള വിശദീകരണം നൽകാനോ മറ്റു വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന് തെളിയിക്കാനോ സര്‍ക്കാറിനായിട്ടില്ലെന്ന് ഹരജിക്കാർക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്‍, ദേവദത്ത് കാമത്ത് എന്നിവര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.