ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർഥിനികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈകോടതി നാളെയും വാദം കേൾക്കും. ഹിജാബിനെ മാത്രം വേർതിരിച്ച് കാണുകയാണെന്നും മുസ്ലിം വിദ്യാർഥിനികൾ വിദ്യാഭ്യാസമോ വിശ്വാസമോ, ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും ഹരജിക്കാർ കോടതിയിൽ പറഞ്ഞു. തലപ്പാവും കുരിശും പൊട്ടും മുഖപടവും അടക്കമുള്ള മതചിഹ്നങ്ങൾ അനുവദിക്കുമ്പോൾ എന്തുകൊണ്ട് ഹിജാബിന് മാത്രം നിരോധനമേർപ്പെടുത്തുന്നുവെന്നും ഹരജിക്കാരുടെ അഭിഭാഷകൻ ചോദ്യമുയർത്തി. കേസിൽ നാലാം ദിവസമാണ് വാദം തുടരുന്നത്.
മുതിർന്ന അഭിഭാഷകൻ രവിവർമ കുമാറാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്. ദുപ്പട്ട, മുഖപടം, വളകൾ, തലപ്പാവുകൾ, കുരിശ്, പൊട്ട് തുടങ്ങിയ നൂറുകണക്കിന് മതചിഹ്നങ്ങൾ ജനങ്ങൾ നിത്യജീവിതത്തിൽ അണിയുമ്പോൾ എന്തുകൊണ്ടാണ് ഹിജാബിനെ മാത്രം വേർതിരിച്ച് കാണുന്നതെന്ന് അഭിഭാഷകൻ ചോദിച്ചു. സമൂഹത്തിന്‍റെ എല്ലാ തുറകളിലുമുള്ള മതചിഹ്നങ്ങളെയാണ് താൻ ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ടാണ് ഇവയിൽ നിന്ന് ഹിജാബ് മാത്രം തെരഞ്ഞെടുത്ത് വിവേചനം കാട്ടുന്നത്. വളകൾ ധരിക്കുന്നത് വിശ്വാസത്തിന്‍റെ ഭാഗമായല്ലേ. എന്തുകൊണ്ടാണ് മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യമാക്കി വിലക്കേർപ്പെടുത്തിയത് -അദ്ദേഹം ചോദിച്ചു.
പരാതിക്കാരായ പെൺകുട്ടികൾ ക്ലാസ് മുറിക്ക് പുറത്തായത് അവരുടെ മതവിശ്വാസം ഒന്നുമാത്രം കാരണമാണ്. പൊട്ടുതൊട്ട കുട്ടിയെ ക്ലാസിന് പുറത്താക്കിയിട്ടില്ല. വളയിട്ട കുട്ടിയെ പുറത്താക്കിയിട്ടില്ല. കുരിശണിഞ്ഞ കുട്ടികളെ പുറത്താക്കിയിട്ടില്ല. അപ്പോൾ എന്തുകൊണ്ട് ഈ കുട്ടികളെ മാത്രം പുറത്താക്കുന്നു? ഭരണഘടനയുടെ 15ാം അനുച്ഛേദത്തിന്‍റെ ലംഘനമാണിത് -അഡ്വ. രവിവർമ കുമാർ ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് റിതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്. നാളെ ഉച്ചയ്ക്ക് 2.30ന് വാദം കേൾക്കൽ തുടരുമെന്ന് കോടതി വ്യക്തമാക്കി. കേസിൽ സമയപരിധി വെക്കണമെന്ന് അഭിഭാഷകർ കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.