ബംഗളൂരു: ശിരോവസ്ത്ര വിവാദത്തിൽ സമരത്തിന് തുടക്കമിട്ട ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാർഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ പൊലീസ് അന്വേഷണം. വിദ്യാർഥിനികൾക്കോ രക്ഷിതാക്കൾക്കോ ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കാൻ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പൊലീസിന് നിർദേശം നൽകി.
പെൺകുട്ടികളുടെ ഫോൺവിളിയുടെ വിവരങ്ങൾ വിശദമായി പരിശോധിക്കാനും അവർ ഏതെങ്കിലും യോഗത്തിൽ പങ്കെടുത്തിരുന്നോ എന്ന് കണ്ടെത്താനുമാണ് നിർദേശം. ശിരോവസ്ത്ര സമരത്തിനു പിന്നിൽ തീവ്രവാദ ബന്ധമുള്ള സംഘടനകളാണെന്നാണ് കർണാടക സർക്കാറിന്റെ ആരോപണം. ശിരോവസ്ത്ര നിരോധനത്തിനെതിരെ തിങ്കളാഴ്ചയും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.
കഴിഞ്ഞ ദിവസങ്ങളിൽ ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികളെ ഗേറ്റിന് പുറത്താക്കിയ ഉഡുപ്പി കുന്താപുര ഗവ. പി.യു കോളജിൽ വിദ്യാർഥിനികളെ കാമ്പസിലെ ഹാളിലേക്ക് മാറ്റി. കോളജിന് പുറത്തെ കുത്തിയിരിപ്പ് സമരത്തിനിടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് സമരത്തിന് പ്രത്യേക ഹാൾ അനുവദിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. ശിരോവസ്ത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം തുടരുന്നതിനിടെ, ചൊവ്വാഴ്ച ഇതുസംബന്ധിച്ച് വിദ്യാർഥിനികൾ ഹരജികൾ കർണാടക ഹൈകോടതിയുടെ പരിഗണനക്കെത്തും.
കോളജിനു സമീപം ആയുധങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: ഉഡുപ്പി കുന്താപുരയിലെ ഗവ. പി.യു കോളജിനു സമീപം ആയുധങ്ങളുമായി രണ്ടു പേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാർഥിനികൾ സമരം നടത്തുന്ന കോളജ് പരിസരത്തുനിന്നാണ് അറസ്റ്റ്. കുന്താപൂർ ഗംഗൊള്ളി സ്വദേശികളായ അബ്ദുൽ മജീദ് (32), റജബ് (41) എന്നിവരാണ് പിടിയിലായത്.
അഞ്ചുപേർ ആയുധവുമായി സംഭവസ്ഥലത്തുണ്ടായിരുന്നതായും മൂന്നുപേർ ഓടിേപ്പായതായും പൊലീസ് പറഞ്ഞു. മജീദിനെതിരെ ഏഴ് ക്രിമനൽ കേസുകളും റജബിനെതിരെ ഒരു കേസും നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.