Representative Image

ഹിജാബ് വിലക്ക്: പരീക്ഷകൾ ബഹിഷ്കരിച്ച് വിദ്യാർഥികൾ

ബംഗളൂരു: കർണാടകയിലെ കോളജുകളിൽ ശിരോവസ്ത്ര വിലക്ക് ശരിവച്ച ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് പരീക്ഷകൾ ബഹിഷ്ക്കരിച്ച് വിദ്യാർഥികൾ. യാദ്ഗിറിലെ കെംബാവി ഗവൺമെന്‍റ് പി.യു കോളജിലാണ് സംഭവം.

പ്രിപ്പറേറ്ററി പരീക്ഷയാണ് വിദ്യാർഥികൾ ബഹിഷ്കരിച്ചത്. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയായിരുന്നു പരീക്ഷകൾ നടക്കേണ്ടിയിരുന്നത്. 35ഓളം വിദ്യാർഥികളാണ് പരീക്ഷയെഴുതാതെ മടങ്ങിയതെന്ന് കോളജ് പ്രിൻസിപ്പാൽ ശകുന്തള പറഞ്ഞു. ഹൈകോടതി വിധി പാലിക്കണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ പരീക്ഷയെഴുതാതെ മടങ്ങുകയായിരുന്നുവെന്നും പ്രിൻസിപ്പാൽ ആരോപിച്ചു.

വീട്ടുകാരുമായി സംസാരിച്ച ശേഷം ഹിജാബ് ധരിക്കാതെ ക്ലാസിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. ഹിജാബ് ധരിച്ചുകൊണ്ട് തന്നെ പരീക്ഷകൾ എഴുതുമെന്നും, അല്ലാത്തപക്ഷം പരീക്ഷകൾ ബഹിഷ്ക്കരിക്കുമെന്നും വിദ്യാർഥികൾ അറിയിച്ചു.

ശിരോവസ്ത്രം ഇസ്​ലാമിൽ അനിവാര്യമല്ലെന്ന സംസ്ഥാന സർക്കാരിനെ ശരിവച്ചുകൊണ്ടായിരുന്നു ഹൈകോടതിയുടെ വിധി. യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശ ലംഘനമല്ലെന്നും ഹൈകോടതി പറഞ്ഞു. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ ഭാഗമല്ലെന്നും അങ്ങനെയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർക്ക് ഹാജരാക്കാൻ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശിരോവസ്ത്ര വിലക്ക് തുടരുന്നതിൽ ഭരണഘടനാ ലംഘനമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Hijab Verdict: Students Boycott exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.