ബംഗളൂരു: ഹാളിൽ ഹിജാബ് അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിൽ വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്കരിച്ചു. ഉഡുപ്പി വിദ്യോദയ പി.യു കോളജിലെ ആറു വിദ്യാർഥിനികളാണ് പൊതുപരീക്ഷ ബഹിഷ്കരിച്ചത്.
ക്ലാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദ്യമായി കോടതിയെ സമീപിച്ച രണ്ടു വിദ്യാർഥിനികളും ഇതിൽ ഉൾപ്പെടും. ആറു പേരിൽ രണ്ടു പേർ മാത്രമാണ് ഹാൾ ടിക്കറ്റ് വാങ്ങിയത്. ഹാൾ ടിക്കറ്റ് വാങ്ങിയ വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ എത്തിയെങ്കിലും അധികൃതർ അനുമതി നൽകിയില്ല.
45 മിനിറ്റോളം ഇൻവിജിലേറ്റർമാരെയും കോളേജ് പ്രിൻസിപ്പലിനെയും ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഇവർ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല.
ഇന്ന് ആരംഭിച്ച പരീക്ഷ മേയ് 18 വരെ തുടരും. സംസ്ഥാനത്താകെ 1,076 കേന്ദ്രങ്ങളിലായി 6.84 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഹിജാബ് ധരിച്ച് വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.