ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീ ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്: ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീ ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. ഹിജാബ് വിലക്ക് സംബന്ധിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്‍റെ ഇരട്ടവിധിയെ കുറിച്ച് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്, വീണ്ടും പറയും... പലർക്കും വയറുവേദനയും ഹൃദയവേദനയും വന്നു, രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, എന്റെ ജീവിതത്തിലല്ലെങ്കിൽ എനിക്ക് ശേഷം ഹിജാബ് ധരിച്ച ഒരു മുസ്ലിം സ്ത്രീ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച് പറയുന്നു -ഉവൈസി വ്യക്തമാക്കി.

ഇതാണെന്റെ സ്വപ്നം. അതിൽ എന്താണ് തെറ്റ്? എന്നാൽ, ഹിജാബ് ധരിക്കരുതെന്നാണ് നിങ്ങൾ പറയുന്നത്. പിന്നെ എന്ത് ധരിക്കണം? ബിക്കിനിയോ? അത് ധരിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്. എന്റെ പെൺമക്കൾ ഹിജാബ് അഴിക്കണമെന്നും ഞാൻ താടി വെക്കരുതെന്നും നിങ്ങൾ ആഗ്രഹിക്കുന്നത് എന്ത് കൊണ്ടാണ്? ഇസ്ലാമും മുസ്‌ലിം സംസ്‌കാരവും എന്നിൽ നിലനിൽക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? -ഉവൈസി ചോദിച്ചു.

ഒരു ഹിന്ദുവിനെയും സിഖുകാരനെയും ക്രിസ്ത്യൻ വിദ്യാർഥിയെയും അവരുടെ മതസൂചകങ്ങളുമായി ക്ലാസ് മുറിയിൽ പ്രവേശിക്കാൻ അനുവദിക്കുകയും ഒരു മുസ്ലിംമിനെ തടയുകയും ചെയ്യുമ്പോൾ, മുസ്ലിം വിദ്യാർഥിയെ കുറിച്ച് അവർ എന്താണ് ചിന്തിക്കുന്നത്? മുസ്ലിംകൾ നമുക്ക് താഴെയാണെന്ന് അവർ കരുതുമെന്നത് വ്യക്തമാണെന്നും ഉവൈസി പറഞ്ഞു.

മുസ്ലിം സ്ത്രീകൾ തല മറക്കുന്നത് അർഥമാക്കുന്നത് അവർ അവരുടെ മനസും മറക്കുന്നു എന്നല്ല. ഞങ്ങൾ ഞങ്ങളുടെ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് അവർ പറയുന്നു. ഈ ദിവസങ്ങളിൽ ആരാണ് ഭയപ്പെടുന്നതെന്നും ഉവൈസി ചോദിച്ചു.

മൗലികാവകാശങ്ങൾ സ്‌കൂളുകളുടെ കവാടത്തിൽ നിർത്തണോ എന്ന ചോദ്യം ഉന്നയിച്ച ഉവൈസി, രാജ്യത്തെ നിയമങ്ങൾ ഹിജാബ് ധരിക്കാനുള്ള അവകാശം നൽകുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Hijab-Wearing Muslim Will Become PM": Asaduddin Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.