ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ 13 പേർ പാർട്ടി കുടുംബത്തിൽ നിന്നുള്ളവരെന്ന് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ 46 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് ചൊവ്വാഴ്ച പുറത്തുവിട്ടത്.
സ്ഥാനാർഥി പട്ടികയിൽ 19 പേർ സിറ്റിങ് എം.എൽ.എമാരാണ്. ആറു പേർ പുതുമുഖങ്ങളും. യശ്വന്ത് സിങ് ഖന്ന (ചുരാഗ്), ഖിമ്മി റാം (ബംഗർ), വിവേക് കുമാർ (ജാൻദത്ത), ദയാൽ പ്യാരി (പച്ചാദ് സിർമൗർ), രജ്നീഷ് കിംത (ചോപാൽ), കുൽദീപ് സിങ് റാത്തോർ (തിയോങ്) എന്നിവരാണ് പുതുമുഖങ്ങൾ.
ആറു തവണ ഹിമാചൽ മുഖ്യമന്ത്രിയായ വീർഭദ്ര സിങ്ങിന്‍റെ മകനും ഷിംല റൂറൽ മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയുമായ വിക്രമാദിത്യ സിങ്, മുൻ മുഖ്യമന്ത്രി റാംലാൽ താക്കൂറിന്‍റെ മകൻ റോഹിത് താക്കൂർ (ജുബൽ-കോത്തകൈ), കൗൾ സിങ് താക്കൂറിന്‍റെ മകൻ ചമ്പ താക്കൂർ (മാണ്ഡി), മുൻ മന്ത്രി പണ്ഡിറ്റ് ശാന്ത് റാമിന്‍റെ മകൻ സുധീർ ശർമ (ധർമ്മശാല), മുൻ നിയമസഭ സ്പീക്കർ ബ്രിജ് ബിഹാരി ലാൽ ബുറ്റൈലിന്‍റെ മകൻ ആശിഷ് ബുറ്റൈൽ (പലാംപൂർ), മുൻ മന്ത്രി ജി.എസ് ബാലിയുടെ മകൻ രഘുവീർ സിങ് ബാലി (നഗ്രോത ഭഗവാൻ), മുൻ എം.പി കെ.ഡി സുൽത്താൻപുരിയുടെ മകൻ വിനോജ് സുൽത്താൻപുരി (കസൗലി), മുൻ മന്ത്രി സാത് മഹാജന്‍റെ മകൻ അജയ് മഹാജൻ (നുർപൂർ), മുൻ എം.എൽ.എ ഷേർ സിങ് താക്കൂറിന്‍റെ സഹോദരൻ സോഹൻ ലാൽ താക്കൂർ (ഭവാനി) എന്നിവരാണ് പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവർ.
ഹിമാചലിൽ നവംബർ 12നാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 44 സീറ്റും കോൺഗ്രസ് 21 സീറ്റുമാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.