ഷിംല: വികസന അജണ്ടയെന്ന അവകാശവാദമുന്നയിച്ച് ഭരണകക്ഷിയായ ബി.ജെ.പിയും തുടർഭരണ പാരമ്പര്യമില്ലാത്ത സമീപകാല ചരിത്രത്തിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസും മുഖാമുഖം നേരിടുമ്പോൾ ഹിമാചൽ പ്രദേശ് നിയമസഭൽ പ്രവചനം അസാധ്യം. ആകെയുള്ള 68 മണ്ഡലങ്ങളിലേക്കായി ശനിയാഴ്ചയാണ് ഹിമാചലിലെ വോട്ടെടുപ്പ്.
മുഖ്യമന്ത്രി ജയറാം ഠാകുർ, മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്, ബി.ജെ.പി മുൻ അധ്യക്ഷൻ സത്പാൽ സിങ് സത്തി എന്നിവരുൾപ്പെടെ 412 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. മലയോര മേഖലയിലെ 55 ലക്ഷത്തിലധികം വോട്ടർമാരാണ് ശനിയാഴ്ച ബൂത്തിലെത്തുക.
ഭരണകക്ഷിയായ ബി.ജെ.പിക്ക് വേണ്ടി, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. 'താമര'ക്ക് നൽകുന്ന ഓരോ വോട്ടും തന്റെ ശക്തി വർധിപ്പിക്കുമെന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ജനസമ്പർക്കത്തിനും തെരഞ്ഞെടുപ്പ് യോഗങ്ങളിലും സജീവമായിരുന്നു.
പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രചാരണത്തിലെ തുറുപ്പുശീട്ട് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു. ഹിമാചലിലെ വിജയം കോൺഗ്രസിന്റെ നിലനിൽപിന്റെകൂടി പ്രശ്നമാണ്.
24 വർഷത്തിന് ശേഷം ഗാന്ധി ഇതര കോൺഗ്രസ് അധ്യക്ഷനെ നിയമിച്ച പാർട്ടിക്കുവേണ്ടി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രചാരണത്തിനെത്താത്തത് ക്ഷീണമായോ എന്ന് കണ്ടറിയണം. 2021ൽ പശ്ചിമബംഗാൾ, കേരളം, അസം, പുതുച്ചേരി, ഈ വർഷം പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവയുൾപ്പെടെ രണ്ട് വർഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടു.
അധികാരത്തിലിരിക്കുന്നവരെ വോട്ട് ചെയ്ത് പുറത്താക്കിയ ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്. ഹിമാചലിലെ വിജയം, അടുത്തവർഷം നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ കരുത്തുവർധിപ്പിക്കും. രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ഇതിൽപെടും.
ഹിമാചലിൽ ആം ആദ്മി പാർട്ടിക്ക് പ്രതീക്ഷ നഷ്ടപ്പെട്ട മട്ടാണ്. തങ്ങൾ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും സർക്കാർ രൂപവത്കരിക്കുമെന്നും ബി.ജെ.പിയും കോൺഗ്രസും വോട്ടെടുപ്പ് തലേന്ന് അവകാശവാദവുമായി രംഗത്തെത്തി. ലാഹൗൾ സ്പിതി ജില്ലയിലെ താഷിഗാങ്ങിൽ 52 വോട്ടർമാരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ബൂത്ത്. 15,256 അടി ഉയരത്തിലാണ് ഈ ബൂത്ത് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.