ഹിമാചലിലെ സ്ഥാനാർഥി പട്ടിക; കുടുംബാധിപത്യവും സ്ത്രീപ്രാതിനിധ്യക്കുറവും ഉന്നയിച്ച് ബി.ജെ.പിയിൽ രോഷം പുകയുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കകുന്ന ഹിമാചൽപ്രദേശിൽ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാംഘട്ട സ്ഥാനാർഥി പട്ടികയിൽ 62 പേരുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തിങ്കളാഴ്ചത്തെ യോഗമാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. ആദ്യ പട്ടികയിൽ അഞ്ച് വനിതാ സ്ഥാനാർഥികളും ഉൾപ്പെടുന്നു.

ഏറെ മാറ്റങ്ങളോടെയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തുവന്നിരിയ്ക്കുന്നത്. ചില സിറ്റിങ് എം.എൽ.എമാരെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവർക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. പട്ടിക അനുസരിച്ച്‌ മുഖ്യമന്ത്രി ജയറാം താക്കൂർ സെറാജിലും മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകൻ അനിൽ ശർമ മാണ്ഡിയിലും സത്പാൽ സിംഗ് സത്തി ഉനയിലും മത്സരിക്കും. പട്ടികയെച്ചൊല്ലി പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടിക്കറ്റ് നിഷേധവും സീറ്റ് മാറ്റവും കുടുംബവാഴ്ച്ചയും സ്ത്രീപ്രാധിനിത്യക്കുറവുമെല്ലാം പാർട്ടിയിൽ അതൃപ്തിയുടെയും കലാപത്തിന്റെയും സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നാണ് സൂചന. ഹിമാചലിൽ ഭരണം നിലനിർത്താനുള്ള വ്യഗ്രതയിൽ 'പരിവാർവാദ രാഷ്ട്രീയം'പാർട്ടിപയറ്റുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. മന്ത്രി മഹേന്ദർ സിങ് താക്കൂറിന്റെ മകൻ രജത് താക്കൂറിന് മാണ്ഡി ജില്ലയിലെ ധരംപൂർ സീറ്റിൽ ടിക്കറ്റ് നൽകിയതാണ് ഒരുവിഭാഗം നേതാക്കളെ പ്രകോപിതരാക്കിയത്. 1989 മുതൽ ഠാക്കൂർ ഈ സീറ്റിൽ മത്സരിക്കുന്നുണ്ട്. മാണ്ഡി (സദർ) സീറ്റിൽ മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകനും സിറ്റിങ് എം.എൽ.എയുമായ അനിൽ ശർമയ്‌ക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്.

അഞ്ച് വനിതകൾക്കും 11 പട്ടികജാതി സ്ഥാനാർഥികൾക്കും എട്ട് പട്ടികവർഗക്കാർക്കും കാവി പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. 11 എം.എൽ.എമാർക്ക് ടിക്കറ്റ് നിഷേധിക്കുകയും രണ്ട് സിറ്റിങ് മന്ത്രിമാരുടെ സീറ്റ് മാറ്റുകയും ഒരു മന്ത്രിക്ക് പകരം മകനെ നിയമിക്കുകയും ചെയ്തു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ലിസ്റ്റിൽ ഇടംപിടിച്ചവരുൾപ്പെടെ 19 പുതുമുഖങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസും 46 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. കോൺഗ്രസ് അതിന്റെ നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രിയെ ഉണ ജില്ലയിലെ ഹരോളിയിൽ നിന്നാണ് മത്സരിപ്പിയ്ക്കുന്നത്. മുൻ സംസ്ഥാന കോൺഗ്രസ് മേധാവികളായ സുഖ്‌വീന്ദർ സിംഗ് സുഖുവും കുൽദീപ് സിംഗ് റാത്തോഡും യഥാക്രമം നദൗനിൽ നിന്നും തിയോഗ് മണ്ഡലത്തിൽ നിന്നും സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കും. മുൻ സംസ്ഥാന മന്ത്രിയും മുൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സെക്രട്ടറിയുമായ ആശാ കുമാരിയെ അവരുടെ ഡൽഹൗസി സീറ്റിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുന്നത്.

ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. സംസ്ഥാനത്ത് നവംബർ 12 നാണ് പോളിംഗ് നടക്കുക. ഡിസംബർ 8 ന് ഫലം പ്രഖ്യാപിക്കും.


Tags:    
News Summary - Himachal Pradesh elections 2022: After 62-name first list, murmurs of discontent in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.