ഗുവാഹതി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളോട് അനാദരവ് കാണിച്ച കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ഈദ് ആഘോഷങ്ങളിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിന് പകരം ചടങ്ങ് നടക്കുന്ന ദിവസം രാഹുൽഗാന്ധിക്കൊപ്പം നിയമം ലംഘിച്ച് തെരുവിൽ പ്രതിഷേധിക്കുകയായിരുന്നു ഗൗരവ് ഗൊഗോയ്. ഈദിനോട് കാണിക്കുന്ന മനോഭാവം രാംമന്ദിറിന്റെ കാര്യത്തിലും അദ്ദേഹം കാണിക്കേണ്ടിയിരുന്നു. അസമിൽ മറ്റ് നിരവധി ആഘോഷങ്ങളുമുണ്ട്. എന്നാൽ അതിലൊന്നും അദ്ദേഹം സജീവമായത് കണ്ടില്ലെന്നും ഹിമന്ത ആരോപിച്ചു. ഗൗരവ് ഗൊഗോയ് ഈദ് നമസ്കാരത്തിൽ പങ്കെടുത്തതാണ് ഹിമന്തയെ പ്രകോപിപ്പിച്ചത്.
രാമക്ഷേത്രത്തോടും ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടും കോൺഗ്രസ് എം.പി ബഹുമാനം പുലർത്തേണ്ടിയിരുന്നു. നമസ്കരിക്കേണ്ടത് എങ്ങനെയെന്ന് ഗൗരവ് ഗൊഗോയിക്ക് നന്നായി അറിയാം. അദ്ദേഹം എങ്ങനെയാണ് അത് പഠിച്ചതെന്ന് എനിക്ക് അറിയില്ല. പ്രധാനമന്ത്രിയും ഞാനും ഈദ് ആശംസിച്ചിരുന്നു. എന്നാൽ ഈദിനോട് കാണിച്ച അതേ ഭക്തി പ്രാണപ്രതിഷ്ഠ ചടങ്ങിനോടും അയോധ്യ ക്ഷേത്രത്തോടും ഗൗരവ് ഗൊഗോയിയും അഖിൽ ഗൊഗോയിയും കാണിക്കാത്തത് എന്തുകൊണ്ടാണ്.''-ഹിമന്ത ചോദിച്ചു.
കോൺഗ്രസ് എം.പിയുടെ പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല, ഇതിലൂടെ തെളിയുന്നത്. എന്നാൽ പ്രീണന രാഷ്ട്രീയം കൊണ്ട് അസമിലെ മുസ്‍ലിം സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും ഹിമന്ത സൂചിപ്പിച്ചു. ഇത്തരം ആളുകൾ മുസ്‍ലിംകളെയോ ക്രിസ്ത്യാനികളെയോ സ്നേഹിക്കുന്നില്ല.
മുസ്‍ലിംകൾക്ക് വിദ്യാഭ്യാസവും സർക്കാർ ജോലിയും ലഭിക്കുന്നുണ്ട്. അവർ മുഖ്യധാരയിലേക്ക് കടന്നുവരികയാണ്. ഒരു ഹിന്ദു എന്ന നിലയിൽ പ്രാണപ്രതിഷ്ഠ ചടങ്ങിനെ ബഹുമാനിക്കാതെ പ്രതിഷേധത്തിൽ പങ്കെടുതത ഗൗരവ് ഗൊഗോയ് വലിയ പാപമാണ് ചെയ്തത്. ഒരിടത്ത് അദ്ദേഹം നമസ്കരിക്കുന്നു, മറ്റൊരിടത്ത് രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ പ്രതിഷേധിക്കുന്നു. വീട്ടിലിരുന്ന് അദ്ദേഹത്തിന് ക്ഷേത്ര ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാമായിരുന്നു. എന്നാൽ അതിന് തയാറായില്ല.-അസം മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.