ഗ്വാളിയോർ: ലോക്ഡൗൺ കാലത്തും, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വെടിവെച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ 111ാം ജന്മദിനം വിപുലമായി ആഘോഷിച്ച് ഹിന്ദു മഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഓഫിസിലാണ് ആഘോഷം നടന്നത്. ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡൻറ് ഡോ. ജയ്‌വീര്‍ ഭരദ്വാജിെൻറ നേതൃത്വത്തില്‍ ഗോഡ്‌സെയുടെ ചിത്രത്തിന് മുന്നില്‍ 111 വിളക്കുകള്‍ കത്തിച്ചായിരുന്നു ആഘോഷം. ഇതിന് പുറമേ 3000 പ്രവർത്തകർ അവരുടെ വീടുകളിൽ വിളക്കുകൾ കത്തിച്ചും ആഘോഷത്തിൽ പങ്കുചേർന്നെന്ന് ജയ്‌വീര്‍ പറഞ്ഞു. ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നെന്നും ജയ്‌വീര്‍ വിശേഷിപ്പിച്ചു.
സംഭവത്തില്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്നതാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഹിന്ദുമഹാസഭക്ക് ധൈര്യം നൽകിയതെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗേഷ് ശര്‍മ കുറ്റപ്പെടുത്തി.
‘നിർഭാഗ്യകരം’ എന്നാണ് ഈ സംഭവത്തെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് വിശേഷിപ്പിച്ചത്. ‘ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുന്നതും മഹത്വവത്കരിക്കുന്നതും ഫോട്ടോക്ക് മുന്നില്‍ വിളക്കുകള്‍ തെളിക്കുന്നതും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോൾ ഇത്തരം ആഘോഷങ്ങൾ നടക്കുന്നത് ശിവരാജ് സിങ് സര്‍ക്കാറിെൻറ പരാജയമാണ്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഗോഡ്‌സെയെയാണോ ഗാന്ധിയെയാണോ പ്രത്യയശാസ്ത്രപരമായി പിന്തുടരേണ്ടത് എന്ന് ബി.ജെ.പി സര്‍ക്കാര്‍ വ്യക്തമാക്കണം’ -കമല്‍നാഥ് ട്വിറ്ററിൽ കുറിച്ചു.
സൗകര്യം ഒത്തുവരുമ്പോൾ മാത്രമാണ് കോൺഗ്രസ് ഗാന്ധിജിയെ ഓർമിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ‘ഗാന്ധിയൻ ആദർശങ്ങളിൽനിന്ന് കോൺഗ്രസ് വളരെയധികം അകന്നിരിക്കുന്നു. ഗാന്ധിജിയെ കോൺഗ്രസ് നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്’ - ബി.ജെ.പി വക്താവ് രാഹുൽ കോത്താരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.