മീനാ മസ്ജിദും പൊളിച്ചുകളയണം; മഥുര കോടതിയിൽ ഹരജിയുമായി ഹിന്ദു മഹാസഭ

മഥുര: മുഗൾ കാലഘട്ടത്തിലെ മറ്റൊരു മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഥുരയിലെ കോടതിയിൽ ഹിന്ദു മഹാസഭ ഹരജി സമർപ്പിച്ചു. മുഗൾ ഭരണകാലത്തെ മസ്ജിദായ മീനാ മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ പള്ളികളില്‍ അവകാശവാദം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ നേര​ത്തേ തന്നെ രംഗത്തെത്തിയിരുന്നു. മഥുരയിലെ മീനാ മസ്ജിദ് പൊളിച്ചുനീക്കണം എന്നാണ് സംഘടന നല്‍കിയ പുതിയ പരാതി. മഥുര സിവില്‍ കോടതിയിലാണ് ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. മീനാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.

മുഗള്‍ ഭരണാധികാരി ഔറംബസീബ് കൃഷ്ണ ജന്മക്ഷേത്രം പൊളിക്കുകയായിരുന്നുവെന്നും അവിടെയാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നും ദിനേശ് ശര്‍മ വാദിക്കുന്നു. കൃഷ്ണ ജന്മഭൂമിയിലെ കിഴക്കന്‍ അതിര്‍ത്തി മേഖലയിലാണ് മീനാ മസ്ജിദ് നിര്‍മിച്ചത്. കൃഷ്ണ ക്ഷേത്രത്തിന് ചുറ്റും കൈയ്യേറാനാണ് മുസ്ലിങ്ങള്‍ ശ്രമിച്ചിരുന്നത്. വടക്ക് ഭാഗത്ത് ഷാഹി ഈദ്ഗാഹും കീഴക്കന്‍ ഭാഗത്ത് മീനാ മസ്ജിദും നിര്‍മിച്ചു. അവര്‍ ക്രമേണ ക്ഷേത്രഭൂമി മുഴുവന്‍ കൈയ്യേറാന്‍ ശ്രമിക്കുകയായിരുന്നു എന്നും ശര്‍മ ആരോപിക്കുന്നു.

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് കോടതിയില്‍ നിന്ന് വന്നതിന് പിന്നാലെയാണ് മീനാ മസ്ജിദുമായി ബന്ധപ്പെട്ട ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഗ്യാന്‍വാപി മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന പ്രദേശത്ത് വിഗ്രഹങ്ങള്‍ കണ്ടുവെന്നും ഇവിടെ നിത്യാരാധനകക് അനുമതി വേണമെന്നും അഞ്ച് സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യം പരിഗണിച്ച് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വെ നടത്താന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

സര്‍വ്വെക്കിടെ നടത്തിയപ്പോള്‍ പള്ളിയിലെ വെള്ള സംഭരണിയില്‍ ശിവലിംഗം കണ്ടുവെന്നു വ്യാജ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇത് നമസ്‌കാരത്തിന് മുമ്പായി അംഗശുദ്ധി വരുത്തുന്ന സ്ഥലമാണെന്ന് തെളിഞ്ഞിരുന്നു. സ്ത്രീകളുടെ ഹരജി നിലനില്‍ക്കുമെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 

Tags:    
News Summary - Hindu Mahasabha treasurer files plea seeking removal of Meena Masjid from Mathura’s Krishna Janmabhoomi complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.