വാരാണസി: ഗ്യാൻവാപി മസ്ജിദിനെതിരായ കേസുകളിൽനിന്ന് താനും കുടുംബവും പിന്മാറുന്നതായി ഹിന്ദുപക്ഷത്തെ പ്രധാന കക്ഷികളിലൊരാളും വിശ്വ വേദിക് സനാതൻ സംഘ് തലവനുമായ ജിതേന്ദ്ര സിങ് വിസെൻ.
ഹിന്ദുവിഭാഗത്തിൽ നിന്നുൾപ്പെടെ ഉപദ്രവം നേരിടുന്നതിനാലാണ് പിന്മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. താനും ഭാര്യ കിരൺ സിങ്, അനന്തരവൾ രാഖി സിങ് എന്നിവർ കേസുകളിൽനിന്ന് പിന്മാറുകയാണ്. രാജ്യത്തിന്റെയും മതത്തിന്റെയും താൽപര്യാർഥമാണ് വിവിധ കോടതികളിൽ കേസ് നൽകിയത്.
ഹിന്ദുക്കളിൽനിന്നുൾപ്പെടെ വിവിധ കോണിൽനിന്ന് ഉപദ്രവം നേരിടുകയും അപമാനിതനാവുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ പരിമിതമായ ശക്തിയും വിഭവങ്ങളുമുപയോഗിച്ച് ഈ ‘ധർമയുദ്ധം’ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. അതിനാലാണ് പിന്മാറുന്നത്. ഈ ‘ധർമയുദ്ധ’ത്തിനിറങ്ങിയത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണ്.
തെറ്റിദ്ധരിപ്പിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കൊപ്പമാണ് സമൂഹം.വിസെന്റെ അഭിഭാഷകൻ ശിവം ഗൗർ നേരത്തേ കേസിൽനിന്ന് പിന്മാറിയിരുന്നു.
കക്ഷികളുമായി അഭിപ്രായാന്തരമുണ്ടായതിനെത്തുടർന്നാണ് പിന്മാറ്റമെന്ന് ഗൗർ പറഞ്ഞു. കഴിഞ്ഞ മേയ് മുതൽ വക്കീൽ ഫീസ് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
കേസിലെ മറ്റു ഹരജിക്കാരായ ഹരിശങ്കർ ജയിൻ, സഹോദരൻ വിഷ്ണു ശങ്കർ ജയിൻ ഉൾപ്പെടെയുള്ളവരുമായുള്ള അഭിപ്രായ ഭിന്നതയും പിന്മാറ്റത്തിന് കാരണമാണ്.
ജയിൻ സഹോദരന്മാർ സ്ഥാപിച്ച ഹിന്ദ് സാമ്രാജ്യ പാർട്ടിയുടെ ദേശീയ കൺവീനർ, ജനറൽ സെക്രട്ടറി പദവികളിൽനിന്ന് വിസെൻ രാജിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.