ഭോപാൽ: രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നും വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് വി.എച്ച്.പി നേതാവ് മിലിന്ദ് പരാണ്ഡെ. ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് നിലനിൽപ്പിനെ ബാധിക്കുമെന്നും മിലിന്ദ് പറഞ്ഞു.
മധ്യപ്രദേശിലെ ഖണ്ഡ്വയിൽ വി.എച്ച്.പിയും ബജ്രംഗദളും സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തിലാണ് മിലിന്ദിന്റെ പ്രസംഗം.
'വിവാഹം കഴിഞ്ഞാൽ ഒരു കുടുംബത്തിൽ രണ്ടും മൂന്നും കുട്ടികളുണ്ടായിരിക്കണമെന്ന് ഓരോ ഹിന്ദു യുവാവും ഓർമിക്കണം. ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞാൽ പ്രതിസന്ധിയുണ്ടാകും. വ്യക്തിക്ക് മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷക്കും -എല്ലാ ഹിന്ദു കുടുംബത്തിലും രണ്ടു മൂന്നു കുട്ടികളുണ്ടാകണം' -മിലിന്ദ് പറഞ്ഞു.
ഹിന്ദു സമൂഹം അവരുടെ ചരിത്രത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു, അതിനാലാണ് ബ്രിട്ടീഷ് കൊളോണിയൽ യജമാനൻമാർ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്നവ തകർക്കാൻ ശ്രമിച്ചത്. ബ്രിട്ടീഷുകാരുടെ പുതിയ വിദ്യാഭ്യാസനയം ഹിന്ദുക്കൾക്ക് തങ്ങളുടെ പൂർവികൻമാരെക്കുറിച്ച് ലജ്ജ തോന്നിക്കാൻ ഇടയാക്കി. അവർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മലിനമാക്കി. ഇനി പൂർവികരെക്കുറിച്ച് ലജ്ജ തോന്നുന്ന ഒരു സമൂഹവും അധികകാലം ഉണ്ടാകില്ല -മിലിന്ദ് പറഞ്ഞു.
രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞുവരുന്നു. എന്നാൽ, മുസ്‍ലിംകളുടെ ജനസംഖ്യ കൂടുകയും ചെയ്യുന്നു. ഹിന്ദു ജനസംഖ്യ കുറയുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുമെന്ന് ചരിത്രം തെളിയിക്കുന്നു. രാജ്യം വീണ്ടും വിഭജിക്കാതിരിക്കാൻ ഹിന്ദുക്കളുടെ എണ്ണം വർധിപ്പിക്കണമെന്നും മിലിന്ദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.