ന്യൂഡൽഹി: റിങ്കു ശർമയെന്ന യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി എം.എൽ.എ രാഘവ് ചദ്ദ. ബി.ജെ.പി ഭരണത്തിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് രാഘവ് ചദ്ദ ബി.ജെ.പിക്കെതിരെ വിമർശനമുന്നയിച്ചത്.
''റിങ്കു ശർമയുടെ കുടുംബം പറയുന്നത് ജയ് ശ്രീരാം വിളിച്ചതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ്. അത് കർശനമായി അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം. ജയ് ശ്രീരാം വിളിക്കുന്നത് ഇപ്പോൾ സുരക്ഷിതമല്ലെ? ബി.ജെ.പി ഭരണത്തിൽ ഹിന്ദുക്കൾ സുരക്ഷിതരല്ല.'' -എം.എൽ.എ പറഞ്ഞു.
ബി.ജെ.പിയാണ് ഡൽഹിയിലെ ക്രമസമാധാനപാലനത്തിെൻറ ഉത്തരവാദിത്തം കൈകാര്യം ചെയ്യുന്നത്. ഏഴ് എം.പിമാരും അവരുടേതാണ്. ആഭ്യന്തര മന്ത്രാലയം ബി.ജെ.പിയുടേതാണെന്നും രാഘവ് ചന്ദ് എം.എൽ.എ ഓർമിപ്പിച്ചു. .
എന്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി റിങ്കു ശർമയുടെ കുടുംബത്തെ സന്ദർശിച്ചില്ലെന്ന് അദ്ദേഹത്തോട് ചോദിക്കുകയാണ്. ക്രമസമാധാനപാലനം അദ്ദേഹത്തിെൻറ കീഴിലാണ്. ഇത്തരമൊരു സംഭവം ഡൽഹിയിൽ നടക്കുമ്പോൾ ബംഗാളിൽ പ്രചാരണത്തിന് പോകുന്നത് അദ്ദേഹത്തിന് ചേർന്ന കാര്യമാണോ എന്നും എം.എൽ.എ ചോദിച്ചു. പൊലീസ് കമീഷണർ ശർമയുടെ കുടുംബത്തെ പോയി കാണാതിരുന്നത് എന്തുകൊണ്ടാണെന്നും രാഘവ് ചന്ദ് ചോദിച്ചു.
ഡൽഹിയിലെ മംഗൽപുരിയിൽ ബുധനാഴ്ച രാത്രി ഒരു പിറന്നാളാഘോഷത്തിനിടക്കാണ് റിങ്കു ശർമയെ ഒരു കൂട്ടം ആളുകൾ കുത്തി പരിക്കേൽപ്പിച്ചത്. ആശുപത്രിയിൽ ചികിത്സക്കിടെയാണ് ഇയാൾ മരിക്കുന്നത്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അഞ്ച് പേർ അറസ്റ്റിലാവുകയും ചെയ്തു. ഡൽഹി പൊലീസ് ശനിയാഴ്ച കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.