ന്യൂഡൽഹി: പുതിയ നിയമപരിഷ്കാരത്തിന്റെ ഭാഗമായി കൊണ്ടുവന്ന ‘ഹിറ്റ് ആൻഡ് റൺ’ നിയമത്തിനെതിരെ ബുധനാഴ്ചയും പ്രതിഷേധം. ട്രാൻസ്പോർട്ട് യൂനിയന്റെ നേതൃത്വത്തിൽ ജന്തർമന്തറിലാണ് പ്രതിഷേധം നടന്നത്. അപകടമുണ്ടായാൽ അധികൃതരെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നവർക്ക് 10 വർഷത്തെ തടവും പിഴയും നൽകുന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെയായിരുന്നു പ്രതിഷേധം.
ട്രക്ക് ഡ്രൈവർമാരുടെ രാജ്യവ്യാപക പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഇടപെട്ട് ചർച്ച നടത്തി സമരം അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ ചരക്കുനീക്കം നിലക്കുകയും എം.പിമാരെ സസ്പെൻഡ് ചെയ്തു ചുട്ടെടുത്ത നിയമം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ട്രക്ക് ഉടമകളുടെ സംഘടനയുമായി ചർച്ച നടത്തുകയാണുണ്ടായത്. പുതിയ നിയമം പ്രാബല്യത്തിലായില്ലെന്നും ഡ്രൈവർമാരുമായി ചർച്ച നടത്താതെ കൊണ്ടുവരില്ലെന്നും ഉറപ്പുനൽകിയതോടെയാണ് ട്രക്ക് ഡ്രൈവർമാർ സമരം പിൻവലിച്ചത്.
ഡ്രൈവറുടെ വധശിക്ഷക്ക് തുല്യമാണ് പുതിയ നിയമമെന്ന് ജന്തർമന്തറിൽ സമരത്തിനിറങ്ങിയ ഡൽഹി ഓട്ടോ ടാക്സി കോൺഗ്രസ് യൂനിയൻ പ്രസിഡന്റ് കിഷൻ വർമ പറഞ്ഞു. ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ചിലയിടങ്ങളിൽനിന്ന് ഡ്രൈവർമാർ ഓടിപ്പോകുന്നത്. ആരും മനഃപൂർവം ഇടിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.