ന്യൂഡൽഹി: വിമാനങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി കോൾ വിളിക്കുന്നവർക്ക് വിമാനയാത്ര വിലക്ക് കൊണ്ടു വരുന്നത് പരിഗണിച്ച് കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വിവിധ എയർലൈനുകൾക്ക് ലഭിച്ച ബോംബ് ഭീഷണികൾ ചർച്ച ചെയ്യാനായി കേന്ദ്ര വ്യോമയാനമന്ത്രാലയം, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് തുടങ്ങിയവർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഇക്കാര്യം ചർച്ചയായെന്നാണ് സൂചന. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഭീഷണികോളുകൾ വിളിക്കുന്നവർക്ക് യാത്രവിലക്ക് ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടു വരുന്നത് പരിഗണിക്കുന്നത്.
ഇന്റലിജൻസ് ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് എയർ മാർഷൽ മാരുടെ എണ്ണം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. എൻ.എസ്.ജി കമാൻഡോകളെ എയർ മാർഷൽമാരായി തെരഞ്ഞെടുത്ത ഇന്റർനാഷണൽ റൂട്ടുകളിലും ചില ആഭ്യന്തര റൂട്ടുകളിലുമാണ് നിയോഗിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. എയർ ഇന്ത്യ, അകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങൾക്കെല്ലാം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഭീഷണിക്ക് പിന്നിൽ ആരാണെന്നത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ അന്വേഷണ ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സൈബർ സെക്യൂരിറ്റി വിദഗ്ധരുമായി ചേർന്ന് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.