മുംബൈ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി കൂടുതൽ സെലിബ്രിറ്റികൾ. ഹോളിവുഡ് താരം സൂസൻ സാറൻഡറാണ് കർഷകർക്ക് ഐക്യദാർഢ്യവുമായി എത്തിയത്.
പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സൂസൻ ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്തക്കുറിപ്പും പങ്കുവെച്ചു. 'എന്തുകൊണ്ടാണ് ഇന്ത്യയിലെ കർഷകർ പ്രതിഷേധിക്കുന്നത്. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അവർ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക' -74കാരിയായ താരം ട്വീറ്റ് ചെയ്തു.
ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ളവർ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പോപ് താരം റിഹാനയാണ് ആദ്യം കർഷകർക്ക് പിന്തുണയുമായി എത്തിയത്. പിന്നീട് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗ്, അമേരിക്കൻ അഭിഭാഷക മീന ഹാരിസ്, നടി അമാൻഡ സെർണി തുടങ്ങിയവരും ഐക്യദാർഢ്യവുമായെത്തി.
എന്നാൽ സചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ ഇന്ത്യൻ സെലിബ്രിറ്റികൾ കേന്ദ്രത്തിന് പിന്തുണയുമായെത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മാസങ്ങളായി കർഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രവും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ഒത്തുകൂടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പ്രശ്നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.