ലഖ്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ തെരുവിൽ കഴിയുകയായിരുന്ന 25 കാരിയായ യുവതിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മഹാരാജ്ഗഞ്ച് ജില്ലക്കാരിയായ സ്ത്രീ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് പുറത്ത് ധർമ്മശാല ബസാർ പാലത്തിന് സമീപമായിരുന്നു താമസിച്ചിരുന്നത്.
ബലാത്സംഗത്തിന് ശേഷം ഗവൺമെന്റ് റെയിൽവേ പൊലീസ് (ജി.ആർ.പി) സ്റ്റേഷനിലെത്തിയ യുവതി തനിക്കെതിരെയുണ്ടായ കൊടും ക്രൂരത വിവരിച്ചു. സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്തതായാണ് യുവതിയുടെ പരാതിയെന്ന് എസ്.പി (റെയിൽവേ) അവധേഷ് സിങ് പറഞ്ഞു.
സഹായത്തിനായി നിലവിളിച്ചപ്പോൾ പ്രതികൾ മർദിക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തതായാണ് യുവതി പറയുന്നത്. കൂട്ടബലാത്സംഗത്തിന് ജി.ആർ.പി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തുകയും അവരെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അതേസമയം, പ്രതികളെക്കുറിച്ച് സ്ത്രീ നൽകിയ വിവരങ്ങളുടെയും കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്- എസ്.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.