മുംബൈ: കോവിഷീല്‍ഡ് വാക്‌സിന് യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അഡാര്‍ പൂനാവാല. ഏറ്റവും ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ധാരാളം ഇന്ത്യക്കാര്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഏറ്റവും ഗൗരവത്തോടെ വിഷയത്തെ കാണുകയും ഉടന്‍ പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മെഡിക്കല്‍ തലത്തിലും നയതന്ത്രതലത്തിലും ഇടപെടലുണ്ടാകും' -അഡാര്‍ പൂനാവാല പറഞ്ഞു.
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിനാണ് ഏറ്റവുമധികം ആളുകള്‍ക്ക് നല്‍കിയിട്ടുള്ളത്. മറ്റ് വിവിധ രാജ്യങ്ങളിലേക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ അംഗരാജ്യങ്ങളില്‍ യാത്രാനുമതിയുണ്ടാകൂ. കോവിഷീല്‍ഡിന് അനുമതി നിഷേധിച്ചതോടെ, വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രക്ക് തടസ്സം നേരിടും.
ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ നിര്‍മിക്കുന്നത്.
യു.കെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്സെവിരിയ എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്സിന്റെ വാക്സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.
മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്സിനായ കൊവാക്സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.