ന്യുഡൽഹി: കോവിഡ് ബാധിച്ച് മരിച്ച ഡൽഹി പൊലീസ് കോൺസ്റ്റബിൾ അമിത് റാണക്ക് ഒരു ആശുപത്രി ചികിത്സ നിഷേധിച്ചതായും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങിയ ശേഷം പറഞ്ഞുവിട്ടതായും ആരോപണം. 31കാരനായ റാണക്ക് അനുഭവപ്പെട്ട ദയനീയ അനുഭവം യാദൃശ്ചികമായി കേൾക്കാനിടയായ സഹപ്രവർത്തകനാണ് പങ്കുവെച്ചത്. സ്ഥിരീകരിക്കാത്ത ഒരു ശബ്ദസന്ദേശത്തിലാണ് റാണക്കുണ്ടായ ദുരനുഭവം വിവരിക്കുന്നത്.
ജോലി കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലെത്തിയ അമിത് റാണക്ക് ചെറിയ രീതിയിൽ പനിക്കുന്നുണ്ടായിരുന്നു. മരുന്ന് കഴിച്ച കിടന്ന അദ്ദേഹത്തിന് പനി കുറയാത്തിനെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അശോക് വിഹാറിലെ കോവിഡ് ടെസ്റ്റിങ് കേന്ദ്രത്തിലെത്തിച്ചു. എന്നാൽ അവിടെ കോവിഡ് പരിശോധന നടത്താൻ മാത്രമേ സാധിക്കൂവെന്നും അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
അവിടെ നിന്നും പരിശോധന നടത്താൻ െമനക്കെടാതെ അവർ ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിലെത്തിയെങ്കിലും അവരും ചികിത്സിക്കാൻ കൂട്ടാക്കിയില്ല. ശേഷം മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ടതിൻെറ ഫലമായാണ് റാണക്ക് ദീപ്ചന്ദ് ബന്ധു സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭ്യമായത്. ചികിത്സ ലഭിച്ച ശേഷം കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ച് അവിടെ നിന്നും അവരും പറഞ്ഞയച്ചു.
അശോക് വിഹാറിലെത്തിയ റാണയെ പരിശോധനക്ക് വിധേയനാക്കുകയും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ സമയം ചെല്ലുംതോറും കാര്യങ്ങൾ വഷളാവുകയായിരുന്നു. അവിടെ നിന്നും വിദഗ്ദ ചികിത്സക്കായി റാണയെ വീണ്ടും റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ യാത്രാമധ്യേ മരിച്ചു. റാണയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് ബുധനാഴ്ച തിരിച്ചറിഞ്ഞതോടെ സഹപ്രവർത്തകരോട് സ്വയം നിരീക്ഷണത്തിൽ പോകൻ നിർദേശിച്ചിട്ടുണ്ട്.
ഹരിയാനയിലെ സോനിപാത് സ്വദേശിയായ റാണ ഡൽഹിയിലെ ഭരത്നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും മൂന്ന് വയസായ മകനുമുണ്ട്. റാണയുടെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരുകോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം ഡൽഹി പൊലീസിലെ 70 പേർക്കാണ് കോവിഡ് പിടിപെട്ടത്. എട്ട് പേർ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.