പുണെ: പുണെയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ കൗമാരക്കാരന്റെ രക്തസാമ്പിളുകൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപ്പെട്ടുവെന്ന് ആശുപത്രി ഡീൻ. ഫോറൻസിക് ഡിപ്പാർട്ട്മെന്റിന്റെ തലവൻ രക്തസാമ്പിളുകൾ മാറ്റിയെന്നാണ് ആരോപണത്തിലാണ് ആശുപത്രി ഡീനിന്റെ കൂടുതൽ വെളിപ്പെടുത്തൽ പുറത്ത് വന്നത്.
മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഹാസൻ മുഷറിഫും എം.എൽ.എ സുനിൽ ടിൻഗ്രേയും കൗമാരക്കാരന് വേണ്ടി ഇടപ്പെട്ടുവെന്ന ഗൗരവകരമായ ആരോപണമാണ് ആശുപത്രി ഡീൻ വിനായക് കാലെ ഉന്നയിച്ചിരിക്കുന്നത്. മുഷറിഫും ടിൻഗ്രേയും എൻ.സി.പി അജിത് പവാർ വിഭാഗം നേതാക്കളാണ്. വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രി ഡീനിനോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കേസിനെ ഗൗരവമായി കണ്ടില്ലെന്നും കൃത്യമായ തീരുമാനങ്ങൾ എടുത്തില്ലെന്നും ആരോപിച്ചായിരുന്നു ഇത്.
തിങ്കളാഴ്ചയാണ് പുണെ സാസൂൺ ആശുപത്രിയിലെ ഡോക്ടർമാരായ താവ്ഡെയും ശ്രീഹരി ഹാർനോരിനേയും പൂണെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൗമാരക്കാരന്റെ രക്തസാമ്പിളുകൾ മാറ്റാൻ സഹായിച്ചുവെന്നാണ് ഇവർക്കെതിരായ കേസ്. ആശുപത്രിയിലെ പ്യൂൺ ഇടനിലക്കാരനായി നിന്ന് ഡോക്ടർമാർക്ക് മൂന്ന് ലക്ഷം രൂപ കൗമാരക്കാരന്റെ കുടുംബത്തിൽ നിന്നും കൈക്കൂലിയായി വാങ്ങി നൽകിയെന്നും പൂണെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
തുടർന്ന് രണ്ട് ഡോക്ടർമാരേയും ആശുപത്രി ഡീൻ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, കൗമാരക്കാരന്റെ രക്തസാമ്പിളുകൾ മാറ്റാൻ മഹാരാഷ്ട്ര എം.എൽ.എ ഇടപ്പെട്ടുവെന്ന ആരോപണം നേരത്തെ തന്നെ കോൺഗ്രസ് ഉയർത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷനാണ് കഴിഞ്ഞ ദിവസം ആരോപണം ഉയർത്തിയത്.
കേസിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. കേസിന്റെ തുടക്കം മുതൽ പൂണെ പൊലീസ് കമീഷണറുമായി ബന്ധപ്പെടുന്നുണ്ട്. നിയമത്തിന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല. നീതി എല്ലാവർക്കും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.