ന്യൂഡൽഹി: മാർച്ചിന് പിന്നാലെ ഏപ്രിലിലും രാജ്യത്ത് ചൂടിൽ റെക്കോഡ്. 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിലാണ് കടന്നുപോയത്. ജമ്മു-കശ്മീർ, പഞ്ചാബ്, ലഡാക്ക്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലാണ് കൂടിയ ചൂട് അനുഭവപ്പെട്ടത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, ഏപ്രിലിലെ കൂടിയ ശരാശരി താപനില മധ്യേന്ത്യയിൽ അനുഭവപ്പെട്ട 37.78 ഡിഗ്രി സെൽഷ്യസാണ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 35.9 ഡിഗ്രിയാണ്. ഇത് സാധാരണയേക്കാൾ 3.35 ഡിഗ്രി കൂടുതലാണ്. 1901 ന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ താപനില 35.05 ഡിഗ്രി സെൽഷ്യസാണ്.
1973, 2010, 2016 വർഷങ്ങളിലാണ് ഏപ്രിലിൽ ഇതിനുമുമ്പ് കടുത്ത ചൂടനുഭവപ്പെട്ടത്. 2010ലാണ് രാജ്യം അതികഠിനമായ ചൂടിലൂടെ കടന്നുപോയത്. അന്ന് ജനങ്ങൾ വ്യാപക ദുരിതത്തിലായി.
വടക്കുപടിഞ്ഞാറ് പ്രദേശങ്ങളിൽ താപനില ഗണ്യമായി ഉയരുകയും മഴ വളരെ കുറയുകയും ചെയ്തതായി കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ എം. മൊഹാപത്ര വ്യക്തമാക്കി. കഠിനമായ ചൂട് മേയിലും തുടരുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.