ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ലോക്സഭയിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാൾ അവതരിപ്പിച്ച വനിത സംവരണ ബിൽ. പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായാണ് ഇത് അവതരിപ്പിച്ചത്.
128ാം ഭരണഘടന ഭേദഗതിയായാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്‍റെയും ശക്തമായ എതിർപ്പിൽ ബിൽ ലോക്സഭ കണ്ടില്ല.
നിലവിൽ രാജ്യസഭയിലും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിത പ്രാതിനിധ്യം 15 ശതമാനത്തിൽ താഴെയാണ്. 2022ൽ അന്നത്തെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പങ്കുവെച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സർക്കാർ റിപ്പോർട്ട് പ്രകാരം ലോക്സഭയിലെ ആകെയുള്ള 543 അംഗങ്ങളിൽ 78 പേരാണ് വനിതകൾ. 14.4 ശതമാനം മാത്രം. രാജ്യസഭയിൽ 24 വനിത എം.പിമാരാണുള്ളത്. 14 ശതമാനം.
സംസ്ഥാന നിയമസഭകളിൽ ത്രിപുരയിലാണ് ഏറ്റവും കൂടുതൽ വനിത അംഗങ്ങളുള്ളത്. 15 ശതമാനം. ഛത്തീസ്ഗഢ് (14.4 ശതമാനം), പശ്ചിമ ബംഗാൾ (13.7), ജാർഖണ്ഡ് (12.35 ശതമാനം) എന്നിങ്ങനെയാണ് വനിത പ്രാതിനിധ്യം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ. ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ 10-12 ശതമാനമാണ് വനിത അംഗങ്ങൾ.
ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, അസ്സം, ഗോവ, ഗുജറാത്ത്, ഹിമാചൽപ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിൽ 10 ശതമാനത്തിനു താഴെയാണ് വനിത അംഗങ്ങളുള്ളത്. മിസോറാമിൽ ഒരു വനിത അംഗം പോലും ഇല്ല.
സംസ്ഥാന നിയമസഭകളിലെ വനിത അംഗങ്ങൾ (ശതമാന കണക്കിൽ)
ത്രിപുര -15 ശതമാനം
ഛത്തീസ്ഗഢ് -14.44
പശ്ചിമബംഗാൾ -13.70
ജാർഖണ്ഡ് -12.35
രാജസ്ഥാൻ -12
ഉത്തർപ്രദേശ് -11.66
ഡൽഹി -11.43
ഉത്തരാഖണ്ഡ് -11.43
പഞ്ചാബ് -11.11
ഗുജറാത്ത് -10.79
ബിഹാർ -10.70
ഹരിയാന -10
സിക്കിം -9.38
മധ്യപ്രദേശ് -9.13
ഒഡീഷ -8.9
മഹാരാഷ്ട്ര 8.33
മണിപ്പൂർ -8.33
ആന്ധ്രാപ്രദേശ് -8.00
മണിപ്പൂർ -8.00
കേരളം -7.86
ഗോവ -7.50
തമിഴ്നാട് -5.13
തെലങ്കാന -5.04
അരുണാചൽപ്രദേശ് -5.00
മേഘാലയ -5.00
അസ്സം -4.76
കർണാടക -4.46
നാഗലാൻഡ് -3.33
പുതുച്ചേരി -3.33
ജമ്മു-കശ്മീർ -2.30
ഹിമാചൽ പ്രദേശ് -1.47
മിസോറാം -പൂജ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.