കോറോണ വൈറസിെൻറ ജനിതക വ്യതിയാനം സംഭവിച്ച ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ചുള്ള ഭീതിയിലാണ് രാജ്യം. 12 സംസ്ഥാനങ്ങളിൽ ഇതിനോടകം ഡെൽറ്റ പ്ലസ് വകഭേദത്തിെൻറ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു.
ഡെൽറ്റ പ്ലസ് വകഭേദത്തെ ഇന്ത്യയിലെ ശാസ്ത്രജ്ഞൻമാർ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. രോഗവ്യാപന ശേഷി നിരീക്ഷിക്കുകയും വാക്സിൻ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി ലാബ് പരിശോധനകൾ നടക്കുകയും ചെയ്യുമ്പോൾ, ഡെൽറ്റ പ്ലസ് മുൻഗാമിയായ ഡെൽറ്റയേക്കാൾ കൂടുതൽ ഭീകരമാണെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
രാജ്യത്ത് വൻനാശം വിതച്ച കോവിഡ് രണ്ടാം തരംഗത്തിനു കാരണക്കാരനായ ഡെൽറ്റ വകഭേദത്തിന്‍റെ തുടർച്ചയാണ് 'ഡെൽറ്റ പ്ലസ്' . ഡെൽറ്റ വൈറസിൽ സംഭവിച്ചിട്ടുള്ള K417N (കെ417എൻ) എന്ന ജനിതക മാറ്റമാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന് കാരണം. രണ്ടു ജനിതക സ്വഭാവത്തോടെ ഡെൽറ്റ പ്ലസിെൻറ ഉപവിഭാഗങ്ങളായ വകഭേദങ്ങളെ എവൈ.1, എവൈ.2 എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഡെൽറ്റയോളം ഡെൽറ്റ പ്ലസ് അപകടകാരിയാണോയെന്ന കാര്യത്തിൽ ശാസ്ത്ര ലോകത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. ഡെൽറ്റ പ്ലസ് അതിതീവ്ര വ്യാപനശേഷിയുള്ളതായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടന ഡെൽറ്റ വകഭേദത്തെയാണ് ഈ പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്. ഡെൽറ്റ വകഭേദത്തിെൻറ ഉപവിഭാഗങ്ങളായ എല്ല വകഭേദങ്ങളെയും കരുതിയിരിക്കണമെന്നാണ് സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻ ഇൻറഗ്രേറ്റീവ് ബയോളജി ഡയരക്ടർ ഡോ. അനുരാഗ് അഗർവാൾ പറയുന്നത്.
ശ്വാസകോശത്തിെൻറ കോശങ്ങളിലെ റിസപ്റ്ററുകളിൽ പറ്റിപ്പിടിക്കുവാനുള്ള കഴിവ് ഈ വകഭേദത്തിന് കൂടുതലാണ്. മോണോ ക്ലോണൽ ആൻറിബോഡി പ്രതികരണം കുറയ്ക്കുവാനും കഴിവുണ്ട്. ഇന്ത്യയിൽ ഡെൽറ്റ പ്ലസിെൻറ വ്യാപനം കുറവാണെങ്കിലും, ചില ജനിതക മാറ്റം വൈറസ് ബാധ കൂട്ടുകയോ അല്ലെങ്കിൽ അതിവ്യാപനം ഉണ്ടാക്കുകയോ അല്ലെങ്കിൽ ഇതു രണ്ടും സംഭവിക്കുകയോ ചെയ്യാം എന്നതിനാൽ തന്നെ ശാസ്ത്രജ്ഞർ ജാഗ്രത പുലർത്തുന്നു.
എവൈ.1, എവൈ.2 എന്നിവ ഡെൽറ്റയുടെ പിൻഗാമികളായതിനാൽ അവ ഡെൽറ്റ വകഭേദത്തിെൻറ ചില സവിശേഷതകൾ കാണിക്കാൻ സാധ്യതയുണ്ട്. രോഗവ്യാപനം ആയിരിക്കാം അത്. ബീറ്റ വകഭേദത്തിലെ കെ 417 എൻ ജനിതക മാറ്റം രോഗപ്രതിരോധ ശേഷിയെയും ആൻറിബോഡിയെയും മറികടന്നതായി റിപ്പോർട്ടുകളുണ്ട്.
'പഠനങ്ങൾ നടക്കുകയാണ്, എന്നാൽ നിലവിൽ ജീനോമിക് ഡേറ്റ അല്ലെങ്കിൽ ലാബ് പഠനങ്ങളെ അടിസ്ഥാനമാക്കി ഡെൽറ്റ പ്ലസ് വകഭേദത്തിെൻറ രോഗവ്യാപനത്തിെൻ തോതിൽ വർധനവുണ്ടെന്ന് ഞങ്ങൾക്ക് പറയാനാവില്ല'-നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ തലവൻ ഡോ. സുജിത് സിങ് പറഞ്ഞു.
ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഡെൽറ്റ പ്ലസ് പടരുന്നില്ലെന്ന് ഡോ. അഗർവാർ പറഞ്ഞു. എന്നിരുന്നാലും കേന്ദ്ര സർക്കാർ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. 12 സംസ്ഥാനങ്ങളിലായി ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ പരിശോധന, കോൺടാക്റ്റ് ട്രേസിങ്, വാക്സിനേഷൻ മുൻഗണന എന്നിവ വർധിപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം ജാഗ്രത പുലർത്തുന്നുണ്ട്.
12 സംസ്ഥാനങ്ങളിൽ നിന്ന് 45000 സാംപിളുകൾ ജീനോം സീക്വൻസിങ് നടത്തിയതിൽ 48 ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങൾ കണ്ടെത്തിയതായി 28 ലാബുകളുടെ കൺസോർട്യമായ ഇൻസാകോഗ് (INSACOG) ജൂൺ 25ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ജനസംഖ്യയുടെ 19 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ ഒരുഡോസ് വാക്സിനെങ്കിലും നൽകിയത്. രണ്ട് ഡോസും ലഭിച്ചത് നാല് ശതമാനം പേർക്ക് മാത്രമാണെന്ന് പ്രമുഖ വൈറോളജിസ്റ്റായ പ്രഫ. ഷാഹിദ് ജമീൽ പറഞ്ഞു. എന്നാൽ പ്രതിദിന വാക്സിനേഷൻ നിരക്ക് ശരാശരി 30 ലക്ഷത്തിൽ നിന്ന് 60 ലക്ഷമായി ഉയർന്നിട്ടുണ്ട്.
ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന കഠിനമായ രോഗങ്ങളിൽ നിന്നും ആശുപത്രി വാസത്തിൽ നിന്നും സംരക്ഷിക്കാൻ കോവിഷീൽഡിെൻറ ഒരു ഡോസ് 70% ഫലപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഡെൽറ്റ പ്ലസിെൻറ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
'എല്ലാ വകഭേദങ്ങൾക്കും എതിരായി രോഗത്തെയും മരണത്തെയും തടയാൻ വാക്സിനുകൾ ഇപ്പോൾ ഫലപ്രദമാണ്. ഫലപ്രാപ്തി പഠനങ്ങളിൽ നിന്ന് ഞങ്ങൾക്ക് കൂടുതൽ ഡേറ്റ ആവശ്യമാണ്. ആഗോളതലത്തിൽ വളരെ കുറച്ച് കേസുകൾ മാത്രമേയുള്ളൂ. ഇത് സംബന്ധിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ട്' -ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വമിനാഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഇരട്ട മാസ്ക്, വാക്സിനേഷൻ എന്നിവക്ക് പുറമേ ഈ വൈറസ് ബാധക്കെതിരെ പൊരുതാൻ കനത്ത ജാഗ്രതയും ആവശ്യമാണെന്ന് മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.
സാമൂഹിക അകലം പാലിക്കുകയും ഇടക്കിടെ കൈകൾ വൃത്തിയാക്കുകയും ചെയ്യുന്ന രീതി നമ്മൾ ഇനിയും തുടരണം. കോവിഡ് മൂന്നാം തരംഗം എപ്പോഴാണ്ആരംഭിക്കുകയെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ എല്ലായ്പ്പോഴും ജാഗരൂകരായിരിക്കണമെന്ന് ഡോ. ജമീൽ ഓർമിപ്പിക്കുന്നു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തതിനാൽ പ്രദേശികമായി പരിശോധനകൾ വർധിപ്പിക്കാനും അവിടെ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപെടുത്താനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.