ന്യൂഡൽഹി: 13 വർഷം മുമ്പ് ആധാർ കാർഡിന് കേന്ദ്രസർക്കാർ തുടക്കം കുറിക്കുമ്പോൾ തന്നെ ഉയർന്ന ആരോപണമായിരുന്നു ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്നത്. എന്നാൽ, മാറിമാറി വന്ന സർക്കാറുകൾ ഈ വാദത്തെ അവഗണിച്ചു. സ്കൂളിൽ ചേരുന്നത് മുതൽ ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ തുടങ്ങി സകലതും ആധാറില്ലാതെ നടക്കില്ലെന്ന അവസ്ഥയാണ് ഇപ്പോൾ.
അതിനിടെയാണ്, ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ആധാർ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങൾ ആർക്കും കൈമാറരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഇന്ന് രംഗത്തുവന്നത്. ആവശ്യമെങ്കിൽ അവസാന നാലക്കം മാത്രം കാണുന്ന തരത്തിൽ മാസ്ക് ചെയ്ത പകർപ്പുകൾ മാത്രമേ നൽകാവൂ എന്നാണ് ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നത്. ഇത് ഏറെ ചർച്ചയായതോടെ പ്രസ്തുത മുന്നറിയിപ്പ് പിൻവലിച്ച് തടിതപ്പിയിട്ടുണ്ടെങ്കിലും അത്ര നിസ്സാരമല്ല അതിൽ പറയുന്ന കാര്യങ്ങൾ.
സ്വാഭാവികമായി ഉയരുന്ന സംശയമാണ് ആധാർ കാർഡ് എങ്ങനെ മാസ്ക് ചെയ്യും എന്നത്. അതിനുള്ള സൗകര്യം ആധാർ കാർഡ് നൽകുന്ന യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ ലഭ്യമാണ്.
യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാസ്ക് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക https://myaadhaar.uidai.gov.in/
നിങ്ങളുടെ 12 അക്ക ആധാർ കാർഡ് നമ്പർ നൽകുക.
'Do you want a masked Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
മാസ്ക് ചെയ്ത ആധാർ കോപ്പി ഡൗൺലോഡ് ചെയ്യുക.
സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാര്‍ നമ്പര്‍ നൽകരുത്
ആവശ്യമെങ്കിൽ അവസാന നാലക്കങ്ങള്‍ മാത്രം കാണിച്ചാല്‍ മതി
ആധാര്‍ വെര്‍ച്വല്‍ ഐ.ഡിമാത്രം ഉപയോഗിയ്ക്കുക
ആധാറിന്റെ സ്‌കാനോ കോപ്പിയോ ആര്‍ക്കും നല്‍കാതിരിക്കുക
യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രം ആധാര്‍ നല്‍കുക
ആധാർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ഇന്റർനെറ്റ് കഫേകളിലെ പൊതു കമ്പ്യൂട്ടറുകൾ ഉപയോഗിക്കരുത്. അഥവാ, അങ്ങനെ ചെയ്യുകയാണെങ്കിൽ ഡൗൺലോഡ് ചെയ്ത ഇ-ആധാറിന്റെ എല്ലാ പകർപ്പുകളും കമ്പ്യൂട്ടറിൽ നിന്ന് പൂർണമായി ഡിലീറ്റ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.