ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി വീണ്ടും നടൻ ഋത്വിക് റോഷൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വിഡിയോയിലാണ് താരം ആര്യന് ജാമ്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം പങ്കുവെച്ചത്.
മാധ്യമപ്രവർത്ത ഫയി ഡിസൂസയും സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവേയും തമ്മിലുള്ള അഭിമുഖത്തിലെ ഭാഗമാണ് ഋത്വിക് പങ്കുവെച്ചത്. വിഡിയോയിൽ, ആര്യന്‍റെ കേസ് പരിഗണിക്കുന്ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് നിതിം സാംബ്രെ മുമ്പ് മയക്കുമരുന്നുമായി പിടിയിലായ ആളുകൾക്ക് ജാമ്യം നൽകിയിട്ടുണ്ടെന്ന് ദവേ ചൂണ്ടിക്കാട്ടുന്നു. എൻ.സി.ബിക്കെതിരായ അഴിമതി ആരോപണവും അഭിമുഖത്തിൽ ചർച്ചയായി. 'ഇത് യാഥാർഥ്യമാണെങ്കിൽ, തീർത്തും സങ്കടകരമായ കാര്യമാണ്' ഋത്വിക് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
നേരത്തെ, ആര്യൻ ഖാന് വൈകാരികമായ കത്തെഴുതി ഋത്വിക് ആര്യനും പിതാവ് ഷാരൂഖ് ഖാനും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ പരീക്ഷണ കാലത്തെ അതിജീവിക്കാൻ മാനസികമായി കരുത്തോടെ ഇരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
''എന്‍റെ പ്രിയപ്പെട്ട ആര്യൻ, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അനിശ്ചിതത്വമാണ് അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളിൽ തളർന്നു പോകാരുത്. ദൈവം ദയാലുവാണ്. എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇൗ പ്രതിസന്ധിയെ അതിജീവിക്കാനാകും. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും മുതിർന്നപ്പോഴും എനിക്ക് നിന്നെ അറിയാം.........
ഇപ്പോൾ ആ ചെകുത്താന്‍റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരിക്കു. നിരീക്ഷിക്കു. പ്രകാശത്തിലേക്കെത്താൻ ഇരുട്ടിലൂടെ കടന്നുപോകണമെന്നത് ജീവിതത്തിന്‍റെ ഭാഗമാണ്. ആ വെളിച്ചത്തിൽ വിശ്വസിക്കുക. അതിൽ നിന്ന് നിന്നെ ആർക്കും തടയാനാകില്ല. - ലവ് യു മാന്‍''
ആര്യൻ ഖാനെ പിന്തുണച്ച് സിനിമ മേഖലയിൽ നിന്ന് ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ മുംബൈ ഹൈകോടതിയിൽ ഇന്നും വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.