ജയ്പൂർ: രാജസ്ഥാനിലെ സരിസ്ക കടുവ സങ്കേതത്തിൽ വൻ തീപിടുത്തം. ഏതാണ്ട് 1800 ഫുട്ബാൾ മൈതാനങ്ങളുടെ വലിപ്പമുള്ള 10 ചതു.കിലോമീറ്റർ ചുറ്റളവിലേക്ക് തീ വ്യാപിച്ചതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് ഇതുവരെ കഴിഞ്ഞില്ല. അഗ്നി ബാധിത പ്രദേശത്തെ തീ ചെറുക്കാൻ രണ്ട് ഇന്ത്യൻ എയർഫോഴ്‌സിന്‍റെ ഹെലികോപ്റ്ററുകളിലാണ് വെള്ളം നിറച്ചൊഴിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സരിസ്കയിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള സിലിസെർ തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ചാണ് ഐ.എ.എഫ് ഹെലികോപ്റ്ററുകൾ കാട്ടുതീ അണക്കാൻ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സരിസ്കയിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാൻ അൽവാർ ജില്ലാ ഭരണകൂടം ഒരു എസ്.ഒ.എസ് അയച്ചതിന് പിന്നാലെ തങ്ങൾ രണ്ട് എം.ഐ-17, വി5 ഹെലികോപ്റ്ററുകൾ അയച്ചിട്ടുണ്ടെന്ന് ഐ.എ എഫ് പ്രസ്താവനയിൽ പറഞ്ഞു. ഇരുപതിലധികം കടുവകളാണ് സരിസ്ക സങ്കേതത്തിലുള്ളത്. തീ പടർന്ന പ്രദേശത്ത് ഒരു പെൺ കടുവയും രണ്ടു കുഞ്ഞുങ്ങളുമുണ്ടെന്നും കാട്ടു തീ പടരുമ്പോൾ അവർ ശ്വാസം മുട്ടനുഭവപ്പെടാനിടയുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
ആരവല്ലി പർവതനിരകളിലെ കുന്നുകളും ഇടുങ്ങിയ താഴ്‌വരകളുമടങ്ങിയതാണ് സരിസ്കയുടെ ഭൂപ്രകൃതി. അവിടുത്തെ വനങ്ങൾ വരണ്ടതും ഇലപൊഴിയുന്നതുമാണ്. പുള്ളിപ്പുലി, കാട്ടുനായ്ക്കൾ, കാട്ടുപൂച്ചകൾ, ഹൈനകൾ, കുറുനരികൾ എന്നിവയുൾപ്പെടെ നിരവധി മാംസഭുക്കുകളുടെ ആവാസകേന്ദ്രം കൂടിയാണ് സരിസ്കയുടേത്. നാല് വർഷം കൂടുമ്പോൾ ഇന്ത്യ അവിടുത്തെ കടുവകളുടെ കണക്കെടുക്കാറുണ്ട്.
വംശനാശഭീഷണി നേരിടുന്ന 126 കടുവകളാണ് കഴിഞ്ഞ വർഷം മാത്രം ചത്തൊടുങ്ങിയതെന്ന് രാജ്യത്തെ കടുവ സംരക്ഷണ സമിതി പറഞ്ഞു. ഇത് ഒരു ദശകം മുമ്പ് ഡാറ്റ സമാഹരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.