പ്രതീക്ഷകളുടെ കൊടുമുടിയിൽ നിന്നും നിരാശയുടെ പടുകുഴിയിലേക്കാണ് ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം തേജസ്വി പ്രസാദ് യാദവ് എന്ന യുവനേതാവിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് അനുഭവങ്ങളുടെ രാഷ്ട്രീയക്കളരിയിൽ നിന്ന് ആർജിച്ചെടുത്ത കരുത്തുമായി ലാലുപ്രസാദ് യാദവിന്‍റെ പുത്രൻ ഇക്കുറി അങ്കം കുറിച്ചിരുന്നത്. എക്സിറ്റ് പോളുകളിലെ പ്രവചനങ്ങളെല്ലാം മഹാസഖ്യത്തിന് വ്യക്തമായ വിജയം പ്രസ്താവിച്ചപ്പോൾ പ്രതീക്ഷകൾ വാനോളമായി. എന്നാൽ, കോസി നദിയിലെ അടിയൊഴുക്കുകൾ പോലെ കണക്കുകൂട്ടലുകൾ തെറ്റിച്ച തിരിച്ചടികളിൽ നിരായുധനായി അടർക്കളത്തിൽ നിൽക്കുകയാണ് തേജസ്വി. തോറ്റെങ്കിലും കരുത്തനായ ഒരു നേതാവിനെ ബിഹാർ ജനതക്ക് സമ്മാനിക്കാനായി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ മെച്ചം.
ക്രിക്കറ്റിനോടുള്ള അഭിനിവേശം മൂത്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ബാറ്റെടുത്ത ചരിത്രമാണ് തേജസ്വി യാദവിന്‍റേത്. ഒരുപക്ഷേ, ക്രിക്കറ്റിൽ തിളങ്ങാൻ കഴിഞ്ഞിരുന്നുവെങ്കിൽ തേജസ്വിയുടെ രാഷ്ട്രീയപ്രവേശനം സംശയമായിരുന്നേനെ. എന്നാൽ, ഐ.പി.എല്ലിൽ നാല് വർഷം ഡൽഹി ഡെയർ ഡെവിൾസ് ടീമിൽ ഉൾപ്പെട്ടിട്ടും സെഡ് ബെഞ്ചിൽ ഇരിക്കാനായിരുന്നു വിധി.
2010ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അച്ഛനോടൊപ്പം പ്രചാരണത്തിനിറങ്ങിയതായിരുന്നു തേജസ്വിയുടെ ആദ്യകാല രാഷ്ട്രീയ ഇടപെടൽ. എന്നാൽ, അക്കാലത്തും മനസിൽ നിറഞ്ഞുനിന്നത് ക്രിക്കറ്റ് തന്നെ. ക്രിക്കറ്റിൽ മികച്ച കളിക്കാരനായി വളർന്നുയരാനൊന്നും തേജസ്വിക്ക് കഴിഞ്ഞില്ല. രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനായി ഒരു മത്സരം കളിച്ചതായിരുന്നു ഐ.പി.എല്ലിൽ എത്തുമ്പോൾ തേജസ്വിയുടെ ഹിസ്റ്ററി. ആദ്യ ഇന്നിങ്സിൽ ഒന്നും രണ്ടാം ഇന്നിങ്സിൽ 19ഉം റൺസെടുത്ത് പുറത്തായി.
മൂന്ന് വർഷം ഐ.പി.എൽ ടീമിലുണ്ടായിരുന്നിട്ടും കരക്കിരുന്ന് കളി കാണാനും വെള്ളം കൊടുക്കാനും മാത്രമായിരുന്നു വിധി. കളിച്ച നാല് ട്വന്‍റി20 മത്സരത്തിൽ ഒരിക്കൽ മാത്രം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ നേടാനായത് മൂന്ന് റൺസ് മാത്രം. ഫസ്റ്റ് ക്ലാസിലും ട്വന്‍റി20യിലുമായി 15 ഓവർ പന്തെറിഞ്ഞിട്ടും നേടിയത് ഒറ്റ വിക്കറ്റ് മാത്രം. തന്‍റെ ഭാവി ക്രിക്കറ്റിൽ അല്ലെന്ന് പതുക്കെ തേജസ്വി മനസിലാക്കുകയായിരുന്നു.
2010 മുതൽ പിതാവിനൊപ്പം രാഷ്ട്രീയ വേദികളിൽ തേജസ്വി പ്രത്യക്ഷപ്പെട്ടിരുന്നു. 2013ൽ കാലിത്തീറ്റ കുംഭകോണ കേസിൽ ലാലുപ്രസാദ് യാദവ് ജയിലിലാകുമ്പോൾ തേജസ്വിക്ക് പ്രായം 24. രാഷ്ട്രീയത്തിന്‍റെ പിച്ചിലേക്ക് ബാറ്റെടുത്ത് ഇറങ്ങിയ ലാലുവിന്‍റെ പിൻഗാമിക്ക് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പാർട്ടിയുടെ നേതാവായി 25 തികയാത്ത പയ്യനെ കാണാൻ പലർക്കും പ്രയാസമായിരുന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചതുമില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയെ പോലെ ജെ.ഡി.യുവിനും ബിഹാറിൽ നേട്ടമുണ്ടാക്കാനായില്ല. നിതീഷ് കുമാറുമായി കൈകോർത്ത് പുതിയൊരു മുന്നണി രൂപീകരിക്കാൻ തേജസ്വിയാണ് ലാലു പ്രസാദിനെ ഉപദേശിച്ചതെന്ന് പറയപ്പെടുന്നു. മൂത്ത മകൻ തേജ് പ്രതാപ് രാഷ്ട്രീയത്തിൽ സജീവമായിരുന്നിട്ടും പാർട്ടിയെ നയിക്കാനുള്ള ചുമതല ലാലു പ്രസാദ് കൈമാറിയത് തേജസ്വിക്കായിരുന്നു. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും കൈകോർത്ത് മഹാസഖ്യമായി രംഗത്തിറങ്ങി.
രഘോപൂർ മണ്ഡലത്തിൽ നിന്നായിരുന്നു തേജസ്വി ജനവിധി തേടിയത്. തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടി. ആർ.ജെ.ഡിക്കായിരുന്നു വൻ നേട്ടമുണ്ടായത്. 22 സീറ്റുകൾ മാത്രമുണ്ടായിരുന്ന ആർ.ജെ.ഡി 58 സീറ്റുകൾ കൂട്ടിച്ചേർത്ത് 80 സീറ്റിന്‍റെ വൻ വിജയം സ്വന്തമാക്കി. ധാരണപ്രകാരം നിതീഷ് കുമാർ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.
എന്നാൽ, നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ നീക്കങ്ങൾ തേജസ്വി കരുതിയതിനും അപ്പുറമായിരുന്നു. ആർ.ജെ.ഡി പിന്തുണ ഉപേക്ഷിച്ച് നിതീഷ് ബി.ജെ.പിയോടൊപ്പം ചേർന്ന് ഭരണം തുടങ്ങിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വന്നു തേജസ്വി. പാർട്ടിക്കുള്ളിലും നിരവധി എതിർപ്പുകൾ നേരിട്ടു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും ജയിക്കാനാകെ ആർ.ജെ.ഡി പിന്തള്ളപ്പെട്ടത് വൻ തിരിച്ചടിയായി.
മുഖ്യധാരയിൽ നിന്നും അകന്നുനിന്ന തേജസ്വിയുടെ രാഷ്ട്രീയ ജീവിതത്തിന് അവസാനമായെന്ന തരത്തിൽ വരെ പ്രചാരണങ്ങൾ വന്നു. എന്നാൽ, ചാരത്തിൽ നിന്നുയരുന്ന പക്ഷിയെ പോലെ കുതിച്ചുയരുകയായിരുന്നു തേജസ്വി. മഹാസഖ്യത്തിന് പുതുജീവൻ നൽകിക്കൊണ്ട് പ്രചാരണത്തിന്‍റെ കുന്തമുനയായി ലാലു രണ്ടാമൻ. ഇടതുകക്ഷികൾക്ക് മതിയായ പരിഗണന നൽകി സഖ്യത്തിന്‍റെ സീറ്റ് വിഭജിച്ചപ്പോൾ തന്നെ ജയത്തിൽ കുറഞ്ഞതൊന്നും തേജസ്വി ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തമായിരുന്നു. വിജയിപ്പിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 10 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം തരംഗമായി. 31കാരനായ തേജസ്വിയുടെ ഊർജസ്വലത സഖ്യത്തിന്‍റെ പ്രചാരണത്തിലുടനീളം പ്രകടമായിരുന്നു.
എക്സിറ്റ് പോളുകളിലെല്ലാം മഹാസഖ്യത്തിന് വിജയമാണ് പ്രവചിച്ചത്. തേജസ്വി തരംഗമായിരിക്കും മഹാസഖ്യത്തിന്‍റെ വിജയമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. ലാലു പ്രസാദ് യാദവ് എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അതികായന്‍റെ പേരു പറഞ്ഞല്ല ഈ തെരഞ്ഞെടുപ്പിൽ തേജസ്വി യാദവ് വോട്ട് ചോദിച്ചത്. തേജസ്വി തന്നെയായിരുന്നു ആർ.ജെ.ഡിയുടെ മുഖം. 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന്‍റെ പരാജയം ഒരുപരിധി വരെ സഖ്യത്തിന്‍റെ പരാജയത്തിനും കാരണമായി.
തേജസ്വി യാദവിന്‍റെ രാഷ്ട്രീയഭാവി തന്നെ ചോദ്യംചെയ്യപ്പെടുന്ന വിധത്തിൽ ബിഹാർ രാഷ്ട്രീയത്തെ ഈ തോൽവി പിടിച്ചുലക്കും. പരാജയപ്പെട്ടെങ്കിലും ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ ലാലുപുത്രന്‍റെ പാർട്ടിക്ക് സാധിച്ചു എന്നത് മാത്രമാണ് ആശ്വാസം. നിതീഷ് കുമാറിനെ മുന്നിൽ നിർത്തി വീണ്ടും ബി.ജെ.പി ഭരിക്കുമ്പോൾ മതനിരപേക്ഷ ഇന്ത്യക്ക് ബിഹാറിൽ പ്രതീക്ഷയോടെ നോക്കാനുള്ളത് തേജസ്വി യാദവ് എന്ന നേതാവിനെ മാത്രമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.